വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

post

കോഴിക്കോട് ജില്ലയിലെ വികസന പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മണ്ഡലങ്ങളിലെ വികസന പദ്ധതികളുടെയും നവകേരള സദസ്സിലെ പ്രവൃത്തികളുടെയും അവലോകനവും ജില്ലാ വികസന സമിതിയില്‍ നടന്നു. നവകേരള സദസ്സില്‍ ജില്ലയിലെ 23 പദ്ധതികള്‍ക്ക് 91 കോടി രൂപയുടെ അനുമതി സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 14 പദ്ധതികള്‍ക്ക് ഭരണാനുമതിയും നാല് പദ്ധതികള്‍ക്ക് സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളുടെ ടെണ്ടര്‍ നടപടികളും സ്വീകരിച്ചു.

കച്ചേരി വില്ലേജിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സംരക്ഷിക്കാന്‍ കോടതി നടപടികള്‍ പിന്തുടരണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിര്‍ദേശിച്ചു. കോഴിക്കോട് സൗത്ത് ബീച്ചിലെ ഫീഡിങ് സെന്ററിന്റെ പ്രവൃത്തി വേഗത്തിലാക്കാന്‍ അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ ആവശ്യപ്പെട്ടു. 

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ നാക്കിലമ്പാട് ആദിവാസി സങ്കേതത്തിലെ കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ നടപടി വേണമെന്നും ജില്ലാ കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കണമെന്നും ലിന്റോ ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഇവിടെ ഒരു വീടിന്റെ പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയായത്. നാല് വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടെങ്കിലും ആനുകൂല്യം ലഭ്യമായിട്ടില്ല. ബാക്കിയുള്ള അഞ്ച് കുടുംബങ്ങള്‍ക്ക് മറ്റേതെങ്കിലും പദ്ധതിയില്‍ വീടുകള്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.  

ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ നടക്കുന്ന റോഡുകള്‍ ശോച്യാവസ്ഥയിലാണെന്നും യാത്രാദുരിതം പരിഹരിക്കണമെന്നും കെ കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. അത്യാവശ്യ റോഡുകളിലെ പ്രവൃത്തികളെങ്കിലും പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. പെരിഞ്ചേരികടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവൃത്തി വേഗത്തിലാക്കണമെന്ന് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ നിര്‍ദേശിച്ചു. ലോകനാര്‍കാവ് മ്യൂസിയം നിര്‍മാണം, കുന്നുമ്മല്‍ വോളിബോള്‍ അക്കാദമി, പുറമേരി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവൃത്തികള്‍ വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി. 

കുറ്റ്യാടി മണ്ഡലത്തിലെ പുറമേരി കക്കംപള്ളിയിലെ അപകടാവസ്ഥയിലുള്ള ആക്വഡേറ്റ് പൊളിച്ചുമാറ്റാന്‍ കണ്ടിജന്‍സി ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ദേശീയപാത സന്ദര്‍ശനത്തില്‍ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. 

ശാന്തി നഗര്‍ കോളനിയിലെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാരില്‍നിന്ന് ആവശ്യപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വേര്‍തിരിച്ചുള്ള പഠനം നടത്തുമെന്നും യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) അറിയിച്ചു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ കോഴിക്കോട് താലൂക്കില്‍ കാലതാമസം നേരിടുന്നത് സമിതിയില്‍ ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 28ന് നടക്കുന്ന അദാലത്തില്‍ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 

സിവില്‍ സ്റ്റേഷനിലെ മാലിന്യ സംസ്‌കരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി വികസന സമിതിയില്‍ അറിയിച്ചു. സാനിറ്ററി നപ്കിന്‍ മെഷീന്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും വാഹനങ്ങളും നീക്കം ചെയ്യുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.

ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ പി ടി എ റഹീം, അഡ്വ. കെ എം സച്ചിന്‍ ദേവ്, സബ് കലക്ടര്‍ ഗൗതം രാജ്, എഡിഎം പി സുരേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.