ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് 'ജീവിതോത്സവം' പദ്ധതിക്ക് ജില്ലയില്‍ തുടക്കം

post

ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം കര്‍മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ജീവിതോത്സവം' പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാമാനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം പുഷ്പ നിര്‍വഹിച്ചു. കൗമാരക്കാരായ വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയും ഊര്‍ജവും പുതുവഴികളിലൂടെ ഉപയോഗപ്പെടുത്തല്‍ ലക്ഷ്യമിട്ട് 21 ദിവസം നടപ്പാക്കുന്ന പദ്ധതിയാണ് 'ജീവിതോത്സവം 2025'. 

ലഹരിവസ്തുക്കളുടെ ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷന്‍, ആത്മഹത്യാ പ്രവണത, അക്രമണവാസന തുടങ്ങിയവ തടയുന്നതിനുള്ള ചലഞ്ചുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതോത്സവം കാഹളം മുഴക്കല്‍, കുടുബവുമൊത്തുള്ള സെല്‍ഫി, നവലോകത്തിനായി സ്റ്റിക്കര്‍ പതിക്കല്‍, അതിജീവന കഥകള്‍ പങ്കുവെക്കല്‍, ഏകദിന ഡിജിറ്റല്‍ ഉപവാസം, ഒപ്പുമരം, ആഹ്ലാദ ചുവടുകള്‍, ഭരണഘടനയെ മനസ്സിലാക്കല്‍, പുസ്തകത്തിന്റെ ആത്മാവ് തേടല്‍, സ്റ്റാറ്റസ് മേള, പാഥേയം, ചോദ്യോത്തര പയറ്റ്, വാക്കിങ് ബസ്സ്, ലഹരിവിരുദ്ധ ചിതമതില്‍, ദര്‍പ്പണം, കാര്‍ണിവല്‍, പ്രഭാത വ്യായാമം തുടങ്ങിയവയാണ് ചലഞ്ചുകള്‍.

ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍ മുഖ്യാതിഥിയായി. മാനസ ഗ്രാമമായി പൊറ്റേപടി ഗ്രാമത്തെ പ്രഖ്യാപിച്ചു. ഗ്രാമത്തിലെ അങ്കണവാടിക്കുള്ള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും ആര്‍ഡിഡി വിതരണം ചെയ്തു. എന്‍എസ്എസ് സൗത്ത് ജില്ലാ കണ്‍വീനര്‍ എം കെ ഫൈസല്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി കെ അഫ്‌സല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി എസ് പ്രശാന്ത്, പ്രിന്‍സിപ്പല്‍ കെ വി രഞ്ജിനി, ഹെഡ്മാസ്റ്റര്‍ വി മുരളി, ബേപ്പൂര്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ വി സന്തോഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി പി സ്മിജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലഹരിവിരുദ്ധ നൃത്ത ശില്‍പ്പവും മനഷ്യവലയവും ഒരുക്കി. ഹരിതകര്‍മ സേനാംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വളണ്ടിയര്‍ ലീഡര്‍മാരായ പി ശ്രീദേവ്, എ കെ അഭിരാമി, ആദിത്യ രാജേഷ്, അഭിരാമി എന്നിവര്‍ നേതൃത്വം നല്‍കി.