'ജലമാണ് ജീവന്‍' ക്യാമ്പയിന്‍: പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

post

81.26 ശതമാനം സ്വകാര്യ കിണറുകളും 87.21 ശതമാനം പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്തു

കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന 'ജലമാണ് ജീവന്‍' ക്യാമ്പയിനിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ക്കെതിരെ നടത്തിയ ക്യാമ്പയിന്‍ ഏറെ ഫലപ്രദമായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനുകള്‍ക്കൊപ്പം ജില്ലയിലെ സ്വിമ്മിങ് പൂളുകളിലെ ക്ലോറിനേഷനും മിനറല്‍ വാട്ടര്‍ പ്ലാന്റുകളിലെയും ജലവിതരണ ഏജന്‍സികളിലെയും ശുചിത്വവും ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. 

ആഗസ്റ്റ് 30, 31 തീയതികളിലും തുടര്‍ന്നുമായി നടന്ന ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 81.26 ശതമാനം സ്വകാര്യ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. കൂടാതെ 84.02 ശതമാനം പൊതുസ്ഥാപന കിണറുകളും 87.21 ശതമാനം പൊതുകിണറുകളും ക്യാമ്പയിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്തു. 1,75,502 ടാങ്കുകളും വൃത്തിയാക്കി. ക്ലോറിനേഷന്‍ ക്യാമ്പയിന്‍ സെപ്റ്റംബര്‍ 27, 28, ഒക്ടോബര്‍ രണ്ട്, അഞ്ച് തിയതികളില്‍ പൂര്‍ത്തീകരിക്കും. ഒക്ടോബര്‍ 10 വരെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഹരിതകേരളം മിഷനും ചേര്‍ന്ന് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് കുട്ടികള്‍ വഴി അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാനുള്ള ക്യാമ്പയിന്‍ ഏറ്റെടുക്കും. ഹരിതകേരളം മിഷന്‍ വഴി ജില്ലയിലെ 29 സ്‌കൂളുകളില്‍ സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബുകളെ സജ്ജമാക്കി പ്രാഥമിക ജലപരിശോധനാ ക്യാമ്പയിനുകളും ഈ കാലയളവില്‍ ഏറ്റെടുക്കും. നവംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ ജില്ലയിലെ പൊതുജലസ്രോതസ്സുകള്‍ ശുചീകരിക്കാന്‍ ക്യാമ്പയിന്‍ നടത്തും. 

യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.