കൊടുവള്ളി നഗരസഭയില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് തുടക്കം

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അമൃത് 2.0 പദ്ധതിയിലുള്‍പ്പെടുത്തി 14.38 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നെടിയാല്‍കുഴിയില്‍ (കോട്ടക്കല്‍) നഗരസഭ ചെയര്‍പേഴ്‌സണ്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍ അധ്യക്ഷയായി.
ആദ്യ ഘട്ടത്തില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂമിക്കടിയിലും മുകളിലുമായുള്ള സബ് ടാങ്ക് നിര്‍മിക്കുകയും 3000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 35 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സബ് ടാങ്ക് നിര്‍മിച്ച് നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ എത്താത്ത നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കും.
ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ വി സിയ്യാലി, ആയിഷ ഷഹനിദ, റംല ഇസ്മായില്‍, സഫീന ഷമീര്‍, കെ ശിവദാസന്‍, മുന്‍സിപ്പല്‍ സെക്രട്ടറി വിഎസ് മനോജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിഷ്ണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.