ഇരിങ്ങത്ത് മീത്തൽ അംബേദ്‌കർ ഗ്രാമത്തിലെ വിവിധ വികസന പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് നന്മണ്ട ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ ഇരിങ്ങത്ത് മീത്തൽ അംബേദ്‌കർ ഗ്രാമത്തിലെ വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ 2022-23 വർഷത്തെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. 

ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം. നഗറിലെ നിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി ആരംഭിക്കുക. പദ്ധതിയിലൂടെ ഗ്രാമവാസികളുടെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവക്കും പ്രാമുഖ്യം നല്‍കും. 

ചടങ്ങിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്‌ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശൈലേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കുണ്ടൂർ ബിജു, പ്രതിഭ രവീന്ദ്രൻ, പട്ടികജാതി വികസന ഓഫീസർ വിചിത്ര, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.