മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം: തീവ്രയജ്ഞ പരിപാടിയുടെ ഒന്നാംഘട്ടത്തിന് തുടക്കം

post

കോടഞ്ചേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു

വന്യജീവി സംഘര്‍ഷങ്ങള്‍ കാരണം പ്രയാസം അനുഭവിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പരിപാടിയുടെ ഒന്നാംഘട്ടമായ സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ ഹെല്‍പ്പ് ഡെസ്‌കുകള്‍ വഴി പരാതികള്‍ ശേഖരിക്കുകയും ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യമിടുന്നത്. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്യജീവികളുടെ സാന്നിധ്യത്തെ തുടര്‍ന്നുള്ള സംഘര്‍ഷം, വിളനഷ്ടം, ജീവഹാനി, വനം വകുപ്പുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍, ഗതാഗത പ്രശ്‌നങ്ങള്‍, മരംമുറി എന്നിവക്കെല്ലാം പരിഹാരം കാണാനാണ് പദ്ധതി നടപ്പാക്കുന്നത്.   

മലയോര മേഖലയില്‍ ഏറ്റവുമധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസിലി ജോസ്, വാര്‍ഡ് അംഗങ്ങളായ ബാബു മൂട്ടോളി, ബോബി ഷിബു, താമരശ്ശേരി റേഞ്ച് ഓഫീസര്‍ പ്രേം ഷമീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി സുബീര്‍ എന്നിവര്‍ പങ്കെടുത്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കില്‍ പരാതി നിക്ഷേപിച്ച് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അജീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സീനത്ത്, മെമ്പര്‍മാരായ ചിന്ന അശോകന്‍, ഏലിയാമ്മ കണ്ടത്തില്‍, പിആര്‍ടി അംഗം ലൂയിസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.