സ്വപ്‌നങ്ങള്‍ക്ക് ചിറകേറി ലൈഫ് മിഷന്‍: തലക്കുളത്തൂരില്‍ ലൈഫിന്റെ തണലില്‍ ആറ് കുടുംബങ്ങള്‍ കൂടി

post

വീട് ഒരു സ്വപ്നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ കോഴിക്കോട് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. കാറ്റിലും പേമാരിയിലും കയറിക്കിടക്കാന്‍ സുരക്ഷിതമായ ഒരിടം ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് പഞ്ചായത്തിലെ ആറ് കുടുംബങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനും ചേര്‍ന്നാണ് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആറു കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കുന്നത്. വീടുകളുടെ തറക്കല്ലിടല്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

മനസ്സോടിത്തിരി മണ്ണ് പദ്ധതിയില്‍പ്പെടുത്തി കീഴരിയൂര്‍ നമ്പ്രത്ത്കരയില്‍ അധ്യാപികയായിരുന്ന വി. രാധ പഞ്ചായത്തിന് നല്‍കിയ 18.25 സെന്റ് സ്ഥലത്താണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ ആറ് കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നത്. അതിദരിദ്ര പട്ടികയിലുള്‍പ്പെട്ട മൂന്നുപേര്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്കുമാണ് വീട് ലഭിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യം പത്രത്തില്‍ കണ്ടാണ് സ്ഥലം വിട്ടു നല്‍കാന്‍ കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്ന രാധ തീരുമാനിക്കുന്നത്. ഇതിനു മുന്‍പും സര്‍ക്കാറിന്റെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളിയായിട്ടുണ്ട്. വീടിന് സമീപത്തിലൂടെയുള്ള റോഡിനായും സ്ഥലം വിട്ടു നല്‍കിയിരുന്നു. അധ്യാപകനായിരുന്ന ഇ കെ ദാമു നായരാണ് ഭര്‍ത്താവ്. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവര്‍ മക്കളാണ്

നിലവിലുള്ള ഭരണസമിതിയുടെ കാലത്തു തന്നെ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ അവസാനവാരം കൈമാറാനാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പറഞ്ഞു. പഞ്ചായത്തിലെ ഏഴ് വീട്ടുകാര്‍ സ്ഥലം വിട്ടുനല്‍കിയതിനെ തുടര്‍ന്ന് 10 അടി വീതിയിലുള്ള റോഡും വീടുകള്‍ക്കായി നിര്‍മ്മിച്ചു.