ചെറൂപ്പ സിഎച്ച്‌സിയിലെ സൗകര്യം വര്‍ധിപ്പിക്കല്‍: സബ് കമ്മിറ്റി രൂപീകരിച്ചു

post

കോഴിക്കോട് ചെറൂപ്പ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പിടിഎ റഹീം എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കണ്‍വീനറായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. ആശുപത്രി പ്രവര്‍ത്തനം രാത്രി 10 വരെ ദീര്‍ഘിപ്പിക്കാന്‍ സൗകര്യമൊരുക്കല്‍, ആവശ്യമായ ഡോക്ടര്‍മാരെയും ഹൗസ് സര്‍ജന്മാരെയും സ്റ്റാഫിനെയും ലഭ്യമാക്കല്‍, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യത ഉറപ്പുവരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെയും ആശുപത്രിയുടെ ഭാവി വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ബ്ലോക്ക് പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, ബ്ലോക്ക് മെമ്പര്‍ രജിത സത്യന്‍, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ്, വൈസ് പ്രസിഡന്റ് ഫാത്തിമ ഉണിക്കൂര്‍, മെമ്പര്‍ ടി രഞ്ജിത്ത്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ജി സജിത്കുമാര്‍, ഡി.എം.ഒ ഡോ. കെ കെ രാജാറാം, മെഡിക്കല്‍ ഓഫീസര്‍ ഡോ. എം മോഹന്‍, ചെറൂപ്പ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. രജസി, ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.