കുറ്റ്യാടി കേര സമൃദ്ധി മിഷൻ ഉദ്‌ഘാടനം ചെയ്തു

post

കാര്‍ഷിക മേഖലയുടെ വികാസത്തിന് ഭൂപ്രകൃതിക്കനുസരിച്ച് വിളകള്‍ കൃഷി ചെയ്യണം:മന്ത്രി എ കെ ശശീന്ദ്രന്‍


ലോക നാളികേര ദിനത്തിന്റെ ഭാഗമായി കോഴിക്കോട് പാളയം ചിന്താവളപ്പ് ശിക്ഷക് സദനില്‍ നടന്ന 'കുറ്റ്യാടി കേര സമൃദ്ധി മിഷന്റെ'യും സെമിനാറിന്റെയും ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് മന്ത്രി പറഞ്ഞു.ഭൂവിനിയോഗവും ശാസ്ത്രീയ ജലസേചനവും കൂടിച്ചേരുമ്പോള്‍ മാത്രമേ മികച്ച നിലയിലുള്ള വിളവ് ലഭിക്കൂ. കാര്‍ഷിക സമൃദ്ധിയുടെയും വിളസമൃദ്ധിയുടെയും ഒരു കാലഘട്ടം ഉണ്ടാക്കിയെടുക്കുന്നതിനായാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്. കേരളം എന്ന സങ്കല്‍പം നിലനില്‍ക്കണമെങ്കില്‍ നാളികേരവുമായി ബന്ധപ്പെട്ട വികാസ പ്രക്രിയയില്‍ സംഭാവന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

കുറ്റ്യാടി തെങ്ങിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്കില്‍ സമഗ്ര തെങ്ങു വികസന പരിപാടിക്ക് രൂപം നല്‍കി. പ്രാദേശിക ഭരണകൂടം, ദേശീയ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കര്‍ഷകര്‍, വനിതാ കൂട്ടായ്മകള്‍ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മിഷന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ 'കാര്‍ഷിക ടൂറിസത്തിന്റെ വികസനം: കുറ്റ്യാടി കോക്കനട്ട് ടു ദി വേള്‍ഡ്' എന്ന പദ്ധതിയും സെമിനാറില്‍ ചര്‍ച്ച ചെയ്തു.  

നാളികേര കൃഷി വിളവര്‍ധനവിന് സമഗ്ര വിളപരിപാലനവും സംയോജിത കീടരോഗ നിയന്ത്രണവും, നാളികേര മൂല്യവര്‍ധിത ഉല്‍പന്നങ്ങളും സംരംഭക സാധ്യതകളും, നാളികേര മേഖലക്ക് പുത്തനുണര്‍വ്: സഹകരണ സംഘങ്ങള്‍ കാര്‍ഷിക കൂട്ടായ്മകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ, നാളികേര വികസനം: നൂതന വരുമാന മാര്‍ഗങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സമകാലിക വെല്ലുവിളികളും എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടന്നു.

ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കെ നാസര്‍, ഭൂവിനിയോഗ കമീഷണര്‍ യാസ്മിന്‍ എല്‍ റഷീദ്, ഭൂവിനിയോഗ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടീന ഭാസ്‌കരന്‍, കാസര്‍കോഡ് സി പി സി ആര്‍ ഐ റിട്ട. പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് സി തമ്പാന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, അമ്പലവയല്‍ കാര്‍ഷിക കോളേജ് ഡീന്‍ യാമിനി വര്‍മ്മ, കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുല്‍ മജീദ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ്, സി ഡബ്ല്യു ആര്‍ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് പി സാമുവല്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.