മാവേലിക്കസ് 2025 : പൂക്കളുടെ വർണ്ണ വിസ്മയം തീർത്ത് ബേപ്പൂർ ബീച്ചിൽ പുഷ്പമേള
കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് കോഴിക്കോട് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം 'മാവേലിക്കസ് 2025'ന്റെ ഭാഗമായാണ് വർണപ്പൊലിമയുമായി 20,000 ചതുരശ്രയടി പവിലിയനിൽ ബേപ്പൂർ മറീന ബീച്ചിൽ പുഷ്പോദ്യാനം ഒരുക്കിയത്. വിവിധ നിറത്തിലുള്ള ജമന്തി, ചെണ്ടുമല്ലി, ഡാലിയ, റോസ്, വാടാമല്ലി, കോസ്മോസ്, ഡെലീഷ്യ, സാൽവിയ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ഫ്ലോക്സ്, ഡയാന്തസ് തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സെൽഫിയെടുക്കാനായി സെൽഫികോർണറും ഒരുക്കിയിട്ടുണ്ട്.
പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളും മറ്റും മേളയിലെ മുഖ്യ ആകർഷണമാണ്. ഉദ്യാനങ്ങളിലേക്ക് ആവശ്യമായ ചെടികളും വളവും മറ്റു വസ്തുക്കളും വാങ്ങാനുള്ള അവസരവും ഷോയുടെ ഭാഗമായുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ഫ്ളവർഷോ ഏഴിന് സമാപിക്കും. തേക്കടി മണ്ണാറത്തറയിൽ ഗാർഡൻസാണു ബീച്ചിൽ ഉദ്യാനം ഒരുക്കിയത്.










