പുതുമോടിയിലേക്ക് കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍

കോഴിക്കോട് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹാള്‍ പുതുമോടിയിലേക്ക്. രണ്ട് ഘട്ടങ്ങളിലായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വീതം അനുവദിച്ച് കമ്മ്യൂണിറ്റി ഹാളിന്റെ അസൗകര്യങ്ങളുടെ അപര്യാപ്തതകള്‍ പരിഹരിച്ച് മോടികൂട്ടുകയാണ്.
കമ്മ്യൂണിറ്റി ഹാളിന്റെ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുക്കളുടെ വിവിധ പൊതു പരിപാടികള്‍ നടത്തുന്നതിനായി ഒരു ഹാള്‍ എന്ന പ്രശ്‌നത്തിന് പരിഹാരമാകും. ജനവാതില്‍, സ്റ്റേജ്, ശുചിമുറി, സ്റ്റീല്‍ ട്രസ് വര്‍ക്ക്, ഷീറ്റ് വര്‍ക്ക് പ്രവര്‍ത്തികളായിരുന്നു ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ചൂട് നിയന്ത്രണത്തിന് ആവശ്യമായ ഇന്‍സുലേഷന്‍ അടങ്ങിയ സാന്‍വിച്ച് പാനലുകളാണ് മേല്‍ക്കൂര നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തിയത്.
വാതിലുകള്‍, ഫ്‌ലോര്‍ ടൈല്‍ പതിക്കല്‍, ഇന്റര്‍ലോക്ക്, സംരക്ഷണഭിത്തി, പെയിന്റിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടാം ഘട്ടമായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇത് ഉടന്‍ പൂര്‍ത്തിയാവും.
ഒരു കോടി രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നതോടെ കക്കട്ടില്‍ ടൗണിനടുത്തുള്ള കമ്മ്യൂണിറ്റി ഹാളിനായുള്ള ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമാകും. യുഎല്‍സി സിഎസ് ആണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കുന്നുമ്മല്‍ കമ്യൂണിറ്റി ഹാള്‍ തുറക്കുന്നതോടെ പഞ്ചായത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ വിശാലമായ വേദിയൊരുങ്ങും. ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, രാഷ്ട്രീയ സന്നദ്ധ യുവജന സംഘടനകള്‍ എന്നിവര്‍ക്കും കുറഞ്ഞ നിരക്കില്‍ പരിപാടികള്‍ നടത്താന്‍ ഹാള്‍ ഉപകാരമാകും. കുന്നുമ്മല്‍ കേന്ദ്രീകരിച്ചുള്ള കലാ സാംസ്‌കാരിക സംഘടനകള്‍ക്ക് ഒത്തുകൂടാനും പരിപാടികള്‍ നടത്താനും പൊതു ഹാള്‍ സൗകര്യം പ്രയോജനപ്പെടും. കൂടാതെ പ്രദേശത്തെ കലാസാഹിത്യ സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചയ്ക്കും ഹാള്‍ വഴിയൊരുക്കും.