അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ

post

നഗരസഭയിലെ മുഴുവൻ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യും

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പ്രവർത്തനവുമായി കോഴിക്കോട്  മുക്കം നഗരസഭ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾക്കായി നഗരസഭ ആരോഗ്യ വിഭാഗം സമിതി രൂപീകരിക്കുന്നതിനായി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ പി ടി ബാബു യോഗം ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകളും പൊതു കിണറുകളും ഈ മാസം 30, 31 തിയ്യതികളിലായി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശവർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, എൻ.എച്ച്.എം വോളന്റീയർമാർ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിവരുടെ സഹായത്തോടെ ക്ലോറിനേഷൻ നടത്തും. പൊതു കിണറുകൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്യും. വീടുകളിലേയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്യുന്നതിനുള്ള നടപടികളും നഗരസഭ ആരംഭിച്ചു.

ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കിണറുകൾ ക്ലോറിനേറ്റ് ചെയ്ത ശേഷം കൃത്യമായി ക്ലോറിനേഷൻ നടത്തിയോട്ടുണ്ടോ എന്ന പരിശോധന സെപ്റ്റംബർ ആദ്യവാരം നടത്തും. ഓണാവധിക്ക് ശേഷം ഹരിതകേരളം മിഷൻ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും ഏകോപിപ്പിച്ചു വിപുലമായ ജനകീയ ബോധവത്കരണ ക്യാമ്പയിൻ നടത്തുമെന്ന് യോഗത്തിൽ തിരുമാനിച്ചു. 

യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. സി എച്ച് സി മുക്കം മെഡിക്കൽ ഓഫീസർ സുമംഗല വിഷയാവതരണം നടത്തി 

ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ. ഷിബിൻ ക്യാമ്പയിൻ പ്രവർത്തങ്ങൾ അവതരിപ്പിച്ചു. സി എച്ച്സി മുക്കം ഹെൽത്ത് സൂപ്പർവൈസർ സിജു ക്ലോറിനേഷൻ രീതി വിശദീകരിച്ചു. കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, റെസിഡൻസ് പ്രതിനിധികൾ, കുടിവെള്ള പദ്ധതി കൺവീനർമാർ, ആശ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഉയർന്ന മരണനിരക്ക് സാധ്യതയുള്ള ജലജന്യ രോഗമായ അമീബിക് മസ്തിഷ്കജ്വരം ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പനി കടുത്ത തലവേദന, ചർദ്ധി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടനടി വിദഗ്ധ ചികിൽസ തേടണമെന്നും നഗരസഭ അറിയിച്ചു.