മാവേലിക്കസ് 2025 : ഒരുക്കങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി

post

ഓണാലോഷം സെപ്റ്റംബർ ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025- കോഴിക്കോട് ബീച്ചിൽ സെപ്റ്റംബർ ഒന്നിന് വൈകീട്ട് ഏഴിന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശേഷം രാജസ്ഥാനി നാടോടി ബാൻഡായ മംഗാനിയാർ സെഡക്ഷൻ സംഗീത പരിപാടി അരങ്ങേറും.

ഓണാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പങ്കെടുത്തു. പ്രധാന വേദികളിലെ ജനത്തിരക്ക് നിയന്ത്രിക്കാനും പാർക്കിംഗ് കുറ്റമറ്റതാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ വേദിയിലും എത്ര പ്രേക്ഷകരെ പ്രതീക്ഷിക്കുന്നു എന്ന കൃത്യമായ കണക്ക് മുൻകൂറായി തയ്യാറാക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. 

എല്ലാ വേദികളിലും ആവശ്യമായ വളണ്ടിയർമാരെ വിന്യസിക്കും. ഇതിനായി എൻഎസ്എസ്, ടീം കേരള, ടൂറിസം ക്ലബ്ബ് അംഗങ്ങളെ നിയോഗിക്കും. വേദികളിൽ ആവശ്യമായ മെഡിക്കൽ യൂണിറ്റ് സേവനം ഉറപ്പാക്കും. 

യോഗത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തന പുരോഗതി വിശദീകരിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, എഡിഎം പി സുരേഷ്, വിവിധ കമ്മിറ്റി കൺവീനർമാർ, കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.