വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവത്തിന് വർണ്ണാഭമായ സമാപനം

ട്രാൻസ് സമൂഹത്തെ സമഭാവനയോടെ കാണണം- മന്ത്രി ഡോ. ആർ ബിന്ദു
കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് സമാപന സമ്മേളനം സാമൂഹ്യ നീതി വകുപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ട്രാൻസ്ജെൻഡർ സമൂഹത്തോട് സമഭാവനയിൽ അധിഷ്ടിതമായ കാഴ്ചപ്പാട് പുലർത്തണമെന്ന് മന്ത്രി പറഞ്ഞു.മനുഷ്യരുണ്ടായ കാലം മുതൽ വ്യത്യസ്ത സ്വത്വങ്ങളുണ്ടെന്നും അവയെ ഉൾകൊള്ളാൻ സമൂഹത്തിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കലോത്സവ മത്സരയിനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും മന്ത്രി നിർവഹിച്ചു.
ട്രാൻസ് സഹോദരങ്ങളോടുള്ള സമൂഹത്തിൻ്റെ നിലപാടും മനോഭാവവും മാറണം. അവരുടെ കഴിവുകളെ ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്താൻ സാധിക്കണം. സർക്കാർ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ട്രാൻസ് സമൂഹം അത് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, ഡയറക്ടർ ഡോ. അരുൺ എസ് നായർ, അഭിനേത്രിയും റിയാലിറ്റി ഷോ താരവുമായ നാദിറ മെഹ്റിൻ, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ലയ മരിയ ജയ്സൺ, ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അനാമിക, എൻ എസ് എസ് കോഡിനേറ്റർ ഫസീൽ അഹമ്മദ്, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ ഷീബ മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.