യുഡിഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി കോഴിക്കോട്

യുഡിഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി കോഴിക്കോട്.
ജില്ലയുടെ യുണീക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉപഹാര സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിർവഹിച്ചു.ഭിന്നശേഷി വിഭാഗം ആളുകളുടെ ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് ഉന്നത മന്ത്രി പറഞ്ഞു.
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സാമൂഹികനീതി ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം നടത്തിവരുന്ന ഇടപെടലുകള്‍ മറ്റു ജില്ലകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. യുഡിഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് ഭരണസമിതി, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, വിവിധ വകുപ്പുകള്‍, കലക്ടറുടെ ഇന്റേണ്‍സ് എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്ത് സമ്പൂര്‍ണ യുഡിഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയാണ് കോഴിക്കോട്. ജില്ലയില്‍ ഭിന്നശേഷിക്കാരായ 57,777 പേരുടെ യുഡി ഐഡി രജിസ്‌ട്രേഷനാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള മൂന്നാമത്തെ ജില്ലയാണ് കോഴിക്കോട്. ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് അടിസ്ഥാന രേഖയായി പരിഗണിക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് ഇതിലൂടെ ലഭ്യമാവുന്നത്.
സാമൂഹികനീതി വകുപ്പിന്റെ 2019ലെ സര്‍വേ പ്രകാരം ജില്ലയില്‍ 57,000 ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. മുഴുവന്‍ ഭിന്നശേഷിക്കാരുടെയും യുഡിഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനായി വകുപ്പ് 'തന്മുദ്ര' രണ്ടാംഘട്ട ക്യാമ്പയിന്‍ നടത്തിയിരുന്നു. സാമൂഹിക സുരക്ഷാ മിഷന്‍ വഴി 2024 ഏപ്രിലില്‍ പൂര്‍ത്തിയാക്കിയ തന്മുദ്ര സര്‍വേ പ്രകാരം ജില്ലയില്‍ 57,370 ഭിന്നശേഷിക്കാരെയാണ് കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ 44,000 പേര്‍ മാത്രമായിരുന്നു സ്വാവലംബന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ജില്ലയില്‍ വിവിധ ബ്ലോക്കുകളിലും നഗരസഭകളിലും 33 വികേന്ദ്രീകൃത ഡാറ്റ എന്‍ട്രി ക്യാമ്പുകളും മെഗാ രജിസ്‌ട്രേഷന്‍ ഡ്രൈവും നടത്തിയാണ് 57,777 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സഹമിത്ര പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ തൻമുദ്ര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, സാമൂഹികനീതി-സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സുരേന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, എന്‍എസ്എസ് ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.