പ്ലാസ്റ്റിക് നിരോധനത്തിനും ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്കുമായി ഹരിതകേരളം മിഷന്‍ ക്യാമ്പയിന്‍

post

കോഴിക്കോട്: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്‍പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ നിരോധന നടപടികള്‍ കര്‍ശനമായി പാലിക്കാനും ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനുമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപുലമായ കാമ്പയിന്‍  സംഘടിപ്പിക്കും. 

ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ,ആരോഗ്യ മാലിന്യ പ്രശ്‌നങ്ങള്‍ ഹരിതകേരളം മിഷന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായി അനുവര്‍ത്തിച്ച് പ്രകൃതി സൗഹൃദ ബദല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം കുടുംബശ്രീ, മററ് സ്വയംതൊഴില്‍ സംരംഭകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ബദല്‍ ഉത്പന്ന നിര്‍മ്മാണം വ്യാപകമാക്കാനും ത്വരിതപ്പെടുത്താനുമുള്ള നടപടികളും സ്വീകരിക്കും. 

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഹരിത നിയമ ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. സംസ്ഥാനത്ത് ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപകമാക്കാന്‍ ലക്ഷ്യമിട്ട് ഇതുവരെ 20 ലക്ഷം പേര്‍ക്ക് ഹരിതനിയമാവലി പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിതനിയമവും പ്രചരിപ്പിക്കും. നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയും തുടര്‍ നടപടികളും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോധവല്‍ക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദല്‍ ഉത്പന്ന ഉപയോഗത്തിന്റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികള്‍ മുഖേന ആരംഭിക്കുന്ന കാമ്പയിന്‍ പരിപാടികള്‍ക്ക് 2020 ജനുവരി ഒന്നിന് തുടക്കമാവും.