തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിംഗ് മെഷീന്‍ പരിശോധന നടത്തി

post

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലം താലൂക്കില്‍ സജ്ജീകരിച്ച വെയര്‍ഹൗസില്‍  ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ നിര്‍വഹിച്ചു.  

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധിക്കുന്നത്. 4119 കണ്‍ട്രോള്‍ യൂണിറ്റുകളും 11080 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.  3326 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 10001 ബാലറ്റ് യൂണിറ്റുകളുടെയും പരിശോധന പൂര്‍ത്തിയാക്കി. വാര്‍ഡ് വിഭജനം പൂര്‍ത്തിയായതനുസരിച്ച് ജില്ലയില്‍ 2814 പോളിംഗ് ബൂത്തുകളാണുള്ളത്.

വോട്ടിങ് മെഷീനുകളില്‍ സമയ ക്രമീകരണം, മെമ്മറി യൂണിറ്റ് സീലിംഗ്, എല്ലാ യൂണിറ്റുകളുടെയും പ്രവര്‍ത്തനക്ഷമത, മെഷീന്‍ വൃത്തിയാക്കല്‍ തുടങ്ങി ഭൗതികവും സാങ്കേതികവുമായ പരിശോധനയാണ് നടക്കുന്നത്.  റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്ന് 80 പേര്‍ക്കാണ് ചുമതല. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രണ്ട് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

  മെഷീനുകള്‍ പ്രവര്‍ത്തനയോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷം മൂന്ന് ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളുമായി ഘടിപ്പിച്ച് മോക്ക് പോളിങ് കൂടി നടത്തി സീല്‍ ചെയ്താണ് വെയര്‍ ഹൗസില്‍ സൂക്ഷിക്കുക. ഓഗസ്റ്റ് 25നകം ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കും. ഇവ നേരില്‍ കണ്ട് വിലയിരുത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസാണ് ചാര്‍ജ് ഓഫീസര്‍. സന്ദര്‍ശനത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് സുരേഷ് അയ്യപ്പന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.