വിമുക്തി മിഷനിലൂടെ ജില്ലയില്‍ ലഹരി മുക്തി നേടി 6,165 പേര്‍

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച വിമുക്തി മിഷനിലൂടെ കൊല്ലം ജില്ലയില്‍ 6,165 പേര്‍ ലഹരി മുക്തി നേടിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം നൗഷാദ്. നെടുങ്ങോലം പറവൂര്‍ രാമ റാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ വിമുക്തി മിഷന്റെ ലഹരി മോചന കേന്ദ്രത്തിലെ സൗജന്യ ചികിത്സയിലൂടെയാണ് ഇവര്‍ പുതുജീവിതം നേടിയത്. 21 ദിവസമാണ് ചികിത്സ കാലയളവെങ്കിലും ഓരോ വ്യക്തിയുടെയും സാഹചര്യമനുസരിച്ച് വ്യത്യസ്തത ഉണ്ടാകാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കോര്‍പ്പറേഷന്‍ മേയര്‍ വൈസ് ചെയര്‍മാനും ജില്ല കലക്ടര്‍ കണ്‍വീനറും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജോയിന്റ് കണ്‍വീനറുമായ സമിതിയാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച സമിതികള്‍ എല്ലാ മാസവും യോഗം ചേര്‍ന്ന് ലഹരി സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ചികിത്സ ആവശ്യമുള്ളവര്‍ക്ക് മിഷനുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 17686 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് ജില്ലയില്‍ നടത്തിയത്. 2368 അബ്കാരി കേസുകളും 1367 എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക്ക് ആന്‍ഡ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സ്) കേസുകളും രജിസ്റ്റര്‍ ചെയ്തു.
ലഹരിയുടെ ഉപയോഗത്തില്‍ നിന്ന് വിദ്യാര്‍ഥികളെ അകറ്റി കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് വിമുക്തി ലഹരി വര്‍ജന മിഷനുമായി ചേര്‍ന്ന് വിവിധ പദ്ധതികളും ജില്ലയില്‍ നടപ്പാക്കുന്നുണ്ട്. 'ഉണര്‍വ്' പദ്ധതിയിലൂടെ കുലശേഖരപുരം സര്‍ക്കാര്‍ സ്‌കൂളിലും പുത്തൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മള്‍ട്ടി പര്‍പ്പസ് വോളിബാള്‍ കോര്‍ട്ടുകള്‍ നിര്‍മിച്ചു. ഈ അധ്യയന വര്‍ഷം ജില്ലയിലെ മൂന്നു സ്‌കൂളുകളില്‍ കലാ-കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ 2.5 ലക്ഷം രൂപ അനുവദിച്ചു. സ്‌കൂളുകളില്‍ വിമുക്തി ആന്റി നാര്‍ക്കോട്ടിക് ക്ലബുകളുടെ നേതൃത്വത്തില്‍ 72 'ടീം വിമുക്തി' കായിക ടീമുകള്‍ രൂപീകരിച്ചു. ഇവരെ ഉള്‍പ്പെടുത്തി താലൂക്ക് -ജില്ലാ തലങ്ങളില്‍ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഇതിനായി 7,20,000 രൂപ അനുവദിച്ചു.
കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം ഇല്ലാതാക്കാനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ജില്ലയിലെ 75 കോളജുകളില്‍ 'നേര്‍ക്കൂട്ടം' സമിതിയും 48 കോളജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് 'ശ്രദ്ധ' സമിതിയും പ്രവര്‍ത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ത്വരിതപ്പെടുത്താന്‍ രൂപീകരിച്ച വിമുക്തി ആന്റി നാര്‍ക്കോട്ടിക് ക്ലബുകള്‍ ജില്ലയിലെ 413 സ്‌കൂളുകളില്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധ്യാപകര്‍ക്ക് 'നേര്‍വഴി' പദ്ധതിയുടെ 9656178000 എന്ന നമ്പറിലേക്ക് വാട്സ്ആപ്/ ഫോണ്‍ മുഖാന്തരം വിവരങ്ങള്‍ കൈമാറാം. ലഹരിയിലേക്ക് തിരിയുന്ന കുട്ടികളെ പ്രാഥമിക ഇടപെടലിലൂടെ തിരിച്ച് ജീവിതത്തിലെത്തിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്.
'ബാല്യം അമൂല്യം' പദ്ധതിയിലൂടെ വിമുക്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രൈമറി സ്‌കൂള്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. പദ്ധതി വഴി ജില്ലയിലെ തിരഞ്ഞെടുത്ത 10 സ്‌കൂളുകള്‍ക്ക് കായിക വ്യായാമ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പിന്നാക്ക മേഖലകളിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ സഹായിക്കുന്ന പരിശീലനം നല്‍കുന്ന 'തൊഴിലാണ് ലഹരി' പദ്ധതിക്കായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ, ലഹരിക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ ശക്തിപ്പെടുത്താന്‍ റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, വായനശാലകള്‍, കോര്‍പ്പറേഷന്‍, നഗരസഭകള്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ ബോധവത്ക്കരണ ക്ലാസുകള്‍, തെരുവ് നാടകങ്ങള്‍, സെമിനാറുകള്‍, വിവിധ മത്സരങ്ങളും നടത്തുന്നതായി വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ വി.സി ബൈജു പറഞ്ഞു.