കൊട്ടാരക്കര ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി

കൊല്ലം കൊട്ടാരക്കര ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ വിലയിരുത്തി.
ആയുര്‍വേദ ചികിത്സയുടെ ആധുനികതയോടെയുള്ള ആശുപത്രികള്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകുകയാണെന്ന് മന്ത്രി പറഞ്ഞു . കൊട്ടാരക്കര താമരശ്ശേരിയിലെ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ നിലവിലുള്ള ആയുര്‍വേദ ആശുപത്രിയില്‍ കിടത്തിചികിത്സാ സൗകര്യമുണ്ടെങ്കിലും കൂടുതല്‍ ബെഡ് സൗകര്യമുള്ള പുതിയ ആശുപത്രിയാണ് വരുന്നത്. 30 രോഗികള്‍ക്ക് ബെഡ് സൗകര്യം ഇവിടെയുണ്ട്.
സംസ്ഥാനത്ത് നിര്‍മിക്കുന്ന വലിപ്പമുള്ള രണ്ട് ആയുര്‍വേദ ആശുപത്രികളില്‍ ഒന്നാണ് കൊട്ടാരക്കരയില്‍ നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ അടിത്തറയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണമേനോന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വിജി ഷാജി, മുന്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് വര്‍ഗീസ്, തീരദേശ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ ജി ഷിലു തുടങ്ങിയവര്‍ പങ്കെടുത്തു.