കൊട്ടാരക്കര ഹൈടെക് മാര്‍ക്കറ്റ് സമുച്ചയ നിർമ്മാണം : പദ്ധതി പ്രദേശം സന്ദർശിച്ച് മന്ത്രി

post

കൊല്ലം കൊട്ടാരക്കര ഹൈടെക് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി പ്രദേശം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സന്ദർശിച്ചു .നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ചരകോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ചുമതല സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ്. വാണിജ്യ വ്യാപാരങ്ങള്‍ക്ക് ഉതകുംവിധം മത്സ്യസ്റ്റാളുകള്‍, ഇറച്ചിതയ്യാറാക്കല്‍ കേന്ദ്രങ്ങള്‍, കടമുറികള്‍ എന്നിവ ആധുനിക സൗകര്യങ്ങളോടെയാണ്  നിര്‍മ്മിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ദുര്‍ഗന്ധം ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും  പദ്ധതിയിലുണ്ട്. പുത്തൂര്‍, നെടുമണ്‍കാവ് എന്നീ മാര്‍ക്കറ്റുകളും ആധുനിക സൗകര്യങ്ങളോടെയാണ് പണികഴിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണമേനോന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വിജി ഷാജി, മുന്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് വര്‍ഗീസ്, തീരദേശ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ ജി ഷിലു  തുടങ്ങിയവര്‍ പങ്കെടുത്തു.