മേഖല രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയിറങ്ങി

മേഖല ചലച്ചിത്രോത്സവത്തിന് വരും വർഷങ്ങളിലും കോഴിക്കോട് വേദിയാകണം- മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വരും വർഷങ്ങളിലും കോഴിക്കോട് തന്നെ വേദിയാകണമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓഗസ്റ്റ് എട്ട് മുതൽ 11 വരെ കോഴിക്കോട് നടന്ന മേഖല രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം കോഴിക്കോട് കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേഖല ചലച്ചിത്രോത്സവം വരും വർഷങ്ങളിലും കോഴിക്കോട് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സാംസ്കാരിക വകുപ്പുമായി സംസാരിക്കുമെന്നും ആവശ്യമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാടകം, സിനിമ തുടങ്ങി കലാ പ്രസ്ഥാനങ്ങള എന്നും പ്രോത്സാഹിപ്പിച്ച മണ്ണാണ് കോഴിക്കോട്. കൂടുതൽ ജനകീയമാക്കി ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് വരും വർഷങ്ങളിലും മേള സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. കെഎസ്എഫ്ഡിസി ചെയര്‍പേഴ്‌സണും സംവിധായകനുമായ കെ മധു, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, കെടിഐഎൽ ചെയർപേഴ്സൺ എസ് കെ സജീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ഡെലിഗേറ്റ് രജിസ്ട്രേഷൻ കമിറ്റി കൺവീനർ പി കെ ബവേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.