ലഹരിക്കൊരു ചെക്ക്; കടലുണ്ടി ചെസ് ഗ്രാമം പദ്ധതിക്ക് ഗംഭീര തുടക്കം

post

ചെസ് കളിച്ച് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു

സമൂഹത്തില്‍ വ്യാപകമാവുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രതിരോധം എന്ന നിലയില്‍ കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തിലെ കടലുണ്ടി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചെസ് ഗ്രാമം പദ്ധതിക്ക് പ്രൗഢോജ്വല തുടക്കം. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍കുമാറിനൊപ്പം ചെസ് ബോര്‍ഡില്‍ കരുക്കള്‍ നീക്കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഷ്യാനെസ് ചാലിയം ടൂറിസ്റ്റ് ബീച്ചില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 50 ടീമുകള്‍ പങ്കെടുത്ത മഹാ ചെസ് ടൂര്‍ണമെന്റും അരങ്ങേറി.

പുതുതലമുറയുടെ ചിന്താശേഷിയും ആരോഗ്യവും നശിപ്പിക്കുന്ന ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധം സ്‌പോര്‍ട്‌സ്, കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആളുകളില്‍ ഏകാഗ്രതയും ഓര്‍മശക്തിയും ലക്ഷ്യബോധവും ശക്തിപ്പെടുത്താന്‍ ചെസ്സിലൂടെ സാധിക്കും. പ്രായമോ ശാരീരിക അവസ്ഥകളോ തടസ്സമില്ലാതെ വീട്ടിലെ എല്ലാ പ്രായക്കാര്‍ക്കും ഒന്നിച്ചിരുന്ന് കളിക്കാനാവുന്നതാണ് ചെസ്. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ഫ്യൂച്ചര്‍ പദ്ധതിയുടെ ഭാഗമായാണ് ചെസ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കടലുണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോലിസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്‌കെ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ക്ലബ്ബുകള്‍, വായനശാലകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ചെസ് ഗ്രാമം പദ്ധതി നടപ്പിലാക്കുക. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി ചെസ് പരിശീലനങ്ങള്‍, ടൂര്‍ണമെന്റുകള്‍, പ്രദര്‍ശനങ്ങള്‍, ചെസ് സെന്ററുകള്‍ ഒരുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കടലുണ്ടിയിലെ ക്ലബ്ബുകള്‍, വായനശാലകള്‍, വിദ്യാലയങ്ങള്‍, ചെസ്സ് കോര്‍ണറുകള്‍ എന്നിവയ്ക്കുള്ള ചെസ് കിറ്റുകളുടെ വിതരണോദ്ഘാടനം ചാലിയം ജിഎല്‍പിഎസ് പിടിഎ പ്രസിഡന്റ് സി വി റഹ്മത്തുല്ലയ്ക്ക് നല്‍കിക്കൊണ്ട് മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ മുഖ്യാതിഥിയായി. മാധ്യമപ്രവര്‍ത്തകന്‍ ഡോ അരുണ്‍കുമാര്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍, ഫ്യൂച്ചര്‍ വിദ്യാഭ്യാസ പരിപാടി കണ്‍വീനര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കിം, ഫറോക്ക് അസി. പോലീസ് കമ്മീഷണര്‍ എ എം സിദ്ധീഖ്, നാര്‍ക്കോട്ടിക് സെല്‍ അസി. പോലീസ് കമ്മീഷണര്‍ കെ എ ബോസ്, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രഭു പ്രേംനാഥ്, നമ്മള്‍ ബേപ്പൂര്‍ കണ്‍വീനര്‍ ടി രാധാഗോപി, കോഴിക്കോട് ബി.ആര്‍.സി ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ ഒ പ്രമോദ്, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.