വില്യാപ്പള്ളി-ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ചു

post

എല്ലാ പിഡബ്ല്യുഡി റോഡുകളും ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്തല്‍ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പ്രവൃത്തി പൂര്‍ത്തീകരിച്ച കോഴിക്കോട് വില്യാപ്പള്ളി-ആയഞ്ചേരി റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ബി എം ആന്‍ഡ് ബിസി നിലവാരത്തില്‍ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.മൂന്നര വര്‍ഷം കൊണ്ട് പിഡബ്ല്യുഡിയുടെ 50 ശതമാനം റോഡുകളും ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചു. കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് 2026ല്‍ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിദില്‍ ലക്ഷ്മണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അബ്ദുല്‍ ഹമീദ്, തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി സുരേന്ദ്രന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം എം നഷീദ ടീച്ചര്‍, ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എം ലതിക, തിരുവള്ളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി പി അബ്ദുറഹ്‌മാന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എഞ്ചിനീയര്‍ ഷക്കീര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 വില്യാപ്പള്ളി മുതല്‍ ആയഞ്ചരി വരെയുള്ള 5.33 കിലോമീറ്റര്‍ റോഡ് മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മിച്ച റോഡിനോട് ചേര്‍ന്ന് മൂന്ന് കള്‍വര്‍ട്ടുകള്‍, വിവിധ ഭാഗങ്ങളില്‍ അഴുക്കുചാലുകള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്.