മേഖല അന്താരാഷ്ട്ര ചലച്ചിത്രോത്സവം : മേളയുടെ ആദ്യ ദിനം 'ഹൗസ് ഫുള്ളായി' തിയേറ്ററുകള്‍

post

ഏഴുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കോഴിക്കോട് തിരിച്ചെത്തിയ മേഖല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശത്തുടക്കം. ആദ്യദിനം നിറഞ്ഞ സദസ്സുകളിലാണ് ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിച്ചത്. ഷോ തുടങ്ങുന്നതിന് മുമ്പു തന്നെ കൈരളി, ശ്രീ, കോറണേഷന്‍ തിയേറ്ററുകളില്‍ ഡെലിഗേറ്റുകളുടെ നീണ്ട നിര രൂപപ്പെട്ടു. 

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആറ് സിനിമകളും മലയാളം സിനിമ ടുഡേ, ഫീമെയില്‍ ഗെയ്സ്, ഫെസ്റ്റിവല്‍ ഫേവറേറ്റ് വിഭാഗങ്ങളില്‍ ഒന്നും ഇന്ത്യന്‍ സിനിമ നൗ, ലോക സിനിമ വിഭാഗത്തില്‍ രണ്ടും സിനിമകളാണ് ആദ്യ ദിനം പ്രദര്‍ശിപ്പിച്ചത്. എല്‍ബോ, ദ ഗേള്‍ വിത്ത് നീഡില്‍, ലിന്‍ഡ, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് തുടങ്ങി ചിത്രങ്ങള്‍ ഉള്‍പ്പടെ മേളയിലെ ഷോകളെല്ലാം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രദർശനം കഴിഞ്ഞുള്ള ക്യു ആൻഡ് എ സെഷനിലും മികച്ച പ്രതികരണമാണുണ്ടായത്. 

കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29-ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍നിന്ന് തെരഞ്ഞെടുത്ത 58 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആഗസ്റ്റ് 11 വരെയാണ് ചലച്ചിത്രോത്സവം.

മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ


ആർഐഐഎഫ്കെയിലെ ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ദി ഗേൾ വിത്ത് ദി നീഡിൽ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി. തിങ്ങി നിറഞ്ഞ സദസ്സിലാണ് ശ്രീ തീയേറ്ററിൽ പ്രദർശിപ്പിച്ചത്. ഡാനിഷ് സീരിയൽ കില്ലർ ഡാഗ് മെർ ഓവർ ബൈയുടെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമ ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകർ കണ്ടു തീർത്തത്. 

മാഗ്നസ് വോൺ ഹോണിൻ്റെ സംവിധാനത്തിൽ 1919- കാലഘട്ടം പശ്ചാത്തലമാക്കി എടുത്ത ചിത്രത്തെ ഗോഥിക്ക് ഹിസ്റ്റോറിക്കൽ സൈക്കോളജിക്കൽ ഹൊറർ ഫീച്ചർ ഫിലിമെന്നാണ് ലോകം വിശേഷിപ്പിച്ചത്. കാൻ മേളയിൽ പ്രദർശിപ്പിച്ച സിനിമ പാം ഡി ഓർ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാഷണൽ ബോർഡ് ഓഫ് റിവ്യൂ മികച്ച അഞ്ച് അന്താരാഷ്ട്ര ചലച്ചിത്രങ്ങളിലൊന്നായും തെരഞ്ഞെടുത്ത സിനിമ ഗോൾഡൻ ഗ്ലോബ്, അക്കാദമി അവാർഡുകൾക്ക് നിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.