കുണ്ടൂപറമ്പ് പകല്‍ വീടിനെ മാതൃകാ സായംപ്രഭാ ഹോമായി ഏറ്റെടുക്കും

കുണ്ടൂപറമ്പ് പകല്‍ വീടിനെ സാമൂഹികനീതി വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ മാതൃകാ സായംപ്രഭാ ഹോമായി ഏറ്റെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പകല്‍ വീട് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. വയോജനങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും സാമൂഹികനീതി വകുപ്പ് ഉറപ്പുവരുത്തും. കുടുംബാന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന പകല്‍ വീടുകളെ എന്നും നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
അതിഥിയായെത്തിയ മന്ത്രിക്ക് രുചികരമായ ഉച്ചഭക്ഷണം പകല്‍ വീട്ടിലെ അംഗങ്ങള്‍ ഒരുക്കിയിരുന്നു. മന്ത്രിയുമായി അനുഭവങ്ങള്‍ പങ്കുവെക്കാനും അവര്‍ സമയം കണ്ടെത്തി. കുണ്ടുപറമ്പ് ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടില്‍ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 634 പേരാണ് അംഗങ്ങളായുള്ളത്. അമ്പതിലധികം പേര്‍ ദിവസവും എത്തും. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തനം. മൂന്ന് നേരം ഭക്ഷണം, കലാപരിപാടികള്‍, പുസ്തകവായന തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ട്. അംഗങ്ങള്‍ ചേര്‍ന്ന് ഹാന്‍ഡ്‌വാഷ്, ഡിഷ് വാഷ് തുടങ്ങിയവ നിര്‍മിച്ച് വില്‍പനയും നടത്തുന്നുണ്ട്.
ജനകീയ കമ്മിറ്റി രൂപീകരിച്ച് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പകല്‍ വീടിന്റെ പ്രവര്‍ത്തനം. കോര്‍പ്പറേഷന്റെ കെയര്‍ടേക്കറും വോളണ്ടിയര്‍മാരും ചേര്‍ന്നാണ് ഭക്ഷണമൊരുക്കുന്നത്. മാതൃകാ സായംപ്രഭാ ഹോമായി പകല്‍ വീടിനെ ഏറ്റെടുക്കുന്നതോടെ കൂടുതല്‍ കുക്കിങ്-ക്ലീനിങ് സ്റ്റാഫുകളുടെ നിയമനം, ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനം തുടങ്ങിയവ ലഭ്യമാകും.
പകല്‍ വീട് സന്ദര്‍ശനത്തില്‍ മേയര്‍ ബീന ഫിലിപ്പ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ദിവാകരന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ റീജ, പകല്‍ വീട് കണ്‍വീനര്‍ ടി എസ് ഷിംജിത്ത്, കമ്മിറ്റി അംഗങ്ങളായ ഭാസ്‌കരന്‍, കുട്ടികൃഷ്ണന്‍, സുഗീഷ്, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.