ഇന്റർ കോണ്ടിനന്റൽ കപ്പ് സെറിബ്രൽ പാൾസി ഫുട്ബോളിനുള്ള ഇന്ത്യൻ വുമൺസ് ടീമിനെ പ്രഖ്യാപിച്ചു

പ്രതിസന്ധികളോട് പൊരുതാൻ കുട്ടികളിൽ കായിക മനോഭാവം വളർത്തണം
ജീവിതത്തിലെ പ്രതിസന്ധികളോടും വേദനകളോടും പൊരുതാൻ കുട്ടികളിൽ കായിക മനോഭാവം വളർത്തണമെന്ന് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്റർ കോണ്ടിനന്റൽ കപ്പ് സെറിബ്രൽ പാൾസി ഫുട്ബോളിനുള്ള ഇന്ത്യൻ വുമൺസ് ടീം പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കായിക പരിശീലനം നേടുന്ന കുട്ടികളിൽ ഒരുപാട് മാറ്റങ്ങൾ കാണാൻ കഴിയുന്നുണ്ട്. അവരുടെ സന്തോഷങ്ങളിലും വേദനയിലും ചേർത്തുനിർത്തുന്ന രക്ഷിതാക്കളോട് നന്ദി അറിയിക്കാൻ വാക്കുകൾ മതിയാവില്ല. സമൂഹത്തിന് പുതിയ പ്രതീക്ഷയും ഊർജവും മാതൃകയുമാവുകയാണ് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിൽ പങ്കെടുക്കുന്ന ദേശീയ സെറിബ്രല്‍ പാള്‍സി ഫുട്ബോൾ ടീമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സരത്തിനായി കുട്ടികളെ ഒരുക്കിയ സെറിബ്രൽ പാൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയേയും (സിപിഎസ്എഫ്ഐ) സമഗ്ര ശിക്ഷ കേരളം (എസ് എസ് കെ) കോഴിക്കോടിനെയും മന്ത്രി അഭിനന്ദിച്ചു.
ആറംഗ ദേശീയ വനിതാ സീനിയർ ടീമിൽ ജില്ലയിൽ നിന്നുള്ള അവന്തിക വിനോദ്, വ്രജസൂര്യ, നിയ ഫാത്തിമ എന്നിവർക്കൊപ്പം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള ആര്യ, പ്രിയ കോശി എന്നിവരും രാജ്യത്തിനായി കളിക്കളത്തിലിറങ്ങും. ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾക്കും പരിശീലക ഗിരിജകുമാരിക്കുമുള്ള യാത്രയയപ്പും ജേഴ്സി കൈമാറ്റവും ചടങ്ങിൽ നടന്നു. ആഗസ്റ്റ് 17 മുതൽ ലണ്ടനിലാണ് മത്സരങ്ങൾ നടക്കുക.
സെറിബ്രൽ പാൾസി ബാധിച്ച 150ലധികം കുട്ടികൾക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നൽകുന്ന കായികപരിശീലനമാണ് ജില്ലയിൽനിന്നുള്ള മൂന്നുപേർക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. നടക്കാവ്, താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മണാശ്ശേരി യു പി സ്കൂൾ എന്നിവയാണ് പ്രധാന പരിശീലന കേന്ദ്രങ്ങൾ.
നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ എസ്എസ്കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കിം, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുന്നാസർ, സെറിബ്രൽ പാൾസി സ്പോർട്‌സ് അസോസിയേഷൻ സെക്രട്ടറി ഗിരിജാകുമാരി, കെ എഫ് എ മെമ്പർ കെ പി അഷ്റഫ്, ഡിപിഒ എൻ കെ സജീഷ് നാരായണൻ, ഫുട്ബോൾ കോച്ച് അഭിൻരാജ്, എസ്എസ്കെ ഡിപിഒ പി എൻ അജയൻ എന്നിവർ സംസാരിച്ചു.