മാലിന്യം നീക്കി ചെടികളൊരുക്കും; ഹരിതഭംഗിയിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍

നാല് ദിവസത്തെ ശുചീകരണ യജ്ഞത്തിലൂടെയും ചെടികള്‍ നട്ടുപിടിപ്പിച്ചും മുഖം മിനുക്കാനൊരുങ്ങി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍. കോര്‍പ്പറേഷന്റെ സഹകരണത്തോടെ ആഗസ്റ്റ് 11,12,13,14 തീയതികളിലാണ് ശുചീകരണം സംഘടിപ്പിക്കുക. സര്‍വീസ് സംഘടനകള്‍, എന്‍എസ്എസ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ആദ്യം സിവില്‍ സ്റ്റേഷന്‍ പരിസരവും തുടര്‍ന്ന് എല്ലാ ഓഫീസുകളും വൃത്തിയാക്കും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോര്‍പ്പറേഷന് കൈമാറി സംസ്‌കരിക്കും. ഓഫീസുകളിലെ ഇ-മാലിന്യം ശുചിത്വ മിഷന്റെയും കോര്‍പ്പറേഷന്റെയും സഹായത്തോടെ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ച് ജില്ലയിലെ ബാങ്കുകളുടെ സ്‌പോണ്‍സര്‍ഷിപ്പോടെയാണ് സിവില്‍ സ്റ്റേഷനിലെ ഗാലറികളിലും മറ്റും ചെടികള്‍ നട്ടുപിടിപ്പിക്കുക.
സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള വാഹനങ്ങള്‍ മാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ശുചീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. കലക്ടറുടെചേംബറില്‍ചേര്‍ന്ന യോഗത്തില്‍ എഡിഎം പി സുരേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ രാരാരാജ്, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.