കോവിഡ് 19: ജില്ലയില്‍ കരുതല്‍ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

post

കോഴിക്കോട് : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കോവിഡ് ബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവരുടെ വീടുകളിലെ പക്ഷിമൃഗാദികളുടെ വിവരം ശേഖരിച്ച് ജില്ലാ മൃഗസംരക്ഷണവകുപ്പ്.  കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിതരോ നിരീക്ഷണത്തിലുള്ളവരോ ഉള്ള വീടുകളില്‍ പക്ഷിമൃഗാദികള്‍ ഉണ്ടെങ്കില്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

കോവിഡ്ബാധ മനുഷ്യരില്‍ നിന്നു മൃഗങ്ങളിലേക്കു ബാധിക്കാതിരിക്കാന്‍ പക്ഷിമൃഗാദികളുടെ പരിചരണത്തില്‍ പാലിക്കേണ്ട കരുതല്‍നടപടികള്‍ അതതു മൃഗാശുപത്രികളില്‍ നിന്നു ഉടമകള്‍ക്കു നല്‍കും. അവയുടെ ആരോഗ്യവിവരങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുകയും രോഗലക്ഷണങ്ങളുണ്ടായാല്‍ പരിശോധന സാമ്പിളുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അതതു മൃഗാശുപത്രികള്‍ വഴി ലഭ്യമാകുകയും ചെയ്യും.

അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ എല്ലാ വെറ്ററിനറി ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മൃഗാശുപത്രികളിലും അടിയന്തര ചികിത്സ ലഭ്യമാണ്. ബ്ലോക്ക് അടിസ്ഥാനത്തില്‍ ലഭ്യമായ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനപദ്ധതിയും തുടര്‍ന്നു വരുന്നു. പ്രത്യേക രോഗലക്ഷണങ്ങള്‍ക്കു നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി റീജിയണല്‍ ക്ലിനിക്കല്‍ ലാബ് കോഴിക്കോട്, തിരുവനന്തപുരത്തുള്ള സ്റ്റേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസ് എന്നിവയുടെ സേവനം ലഭിക്കും. സാമ്പിളുകളുടെ പരിശോധന, പോസ്റ്റ്മോര്‍ട്ടം എന്നിവയും ഈ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാണ്.

കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ പ്രാദേശിക ലഭ്യത ഉറപ്പാക്കാന്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്നു ഇടപെടല്‍ നടത്തിവരികയാണു മൃഗസംരക്ഷണ വകുപ്പ്. ജില്ലയില്‍ മൃഗസംരക്ഷണ മേഖലയുടെ കൊറോണകാല നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. വിശദമായ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  9447424619