കോവിഡ്- 19: ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കൂടി രോഗമുക്തി

post

പുതുതായി 20 പേര്‍കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (12.04) ഒരാള്‍ക്കു കൂടി രോഗമുക്തി. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഏഴ് പേര്‍ രോഗമുക്തരായി. ആറ് പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും ചികിത്സയിലുണ്ട്. രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. 

ജില്ലയില്‍ പുതുതായി 20 പേര്‍ കൂടി ഇന്ന് നിരീക്ഷണത്തില്‍ വന്നതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ആകെ 17,407 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 17 പേര്‍ ഉള്‍പ്പെടെ 34 പേര്‍ ആണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മൂന്ന് പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 17 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 507 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 491 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 474 എണ്ണം നെഗറ്റീവ് ആണ്. 16 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ ആശുപത്രി സൂപ്രണ്ടുമാരുമായി നിലവിലുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്തി. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 9 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 117 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. 

ജില്ലയില്‍ ഇന്ന് 3579 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7839 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണ സന്ദേശങ്ങള്‍   പ്രചരിപ്പിച്ചു.