മികവിന്റെ മാതൃകയായി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം

post

മികച്ച ഭൗതിക സാഹചര്യങ്ങളും ചികിത്സാ സൗകര്യങ്ങളും കൊണ്ട് പൂര്‍ണ്ണമായും രോഗി സൗഹൃദമാണ് ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം. മനോഹരമായ കെട്ടിടവും ശുചിയായ പരിസരവും മികച്ച പരിചരണവും ഈ ആരോഗ്യ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നു. ഓരോ രോഗിയും പൂര്‍ണ്ണ തൃപ്തിയോടെയാണ് ഇവിടെ നിന്നും മടങ്ങുന്നത്. മൂന്ന് ഡോക്ടര്‍മാരും രണ്ട് ലാബ് ടെക്നീഷ്യന്‍മാരും രണ്ട് ഫാര്‍മസിസ്റ്റുമാരുമുള്ള കേന്ദ്രത്തില്‍ രോഗികള്‍ക്ക് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമില്ല. പ്രതിദിനം 180ലധികം പേര്‍ ഇവിടെ ചികിത്സ തേടുന്നുണ്ട്. സേവന നിലവാരത്തിലും ജീവനക്കാരുടെ പെരുമാറ്റത്തിലും ഏറെ തൃപ്തിയാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. ചൊക്ലി പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഹരിത കര്‍മ്മസേനയുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കപ്പെടുന്നുണ്ട്.

ഫിസിയോതെറാപ്പി യൂണിറ്റ്, വയോജന വിശ്രമ കേന്ദ്രം എന്നിവക്ക് പുറമെ കുട്ടികള്‍ക്കായി ആധുനിക രീതിയിലുള്ള കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ലാബ് സേവനം സൗജന്യമാണ്. മറ്റു രോഗികള്‍ക്ക് ന്യായമായ നിരക്കിലാണ് പരിശോധനകള്‍ നടത്തുന്നത്. മുന്നേറുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയാണ് ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം.

2024 ഡിസംബര്‍ 31 നാണ്‌ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്. നിയമസഭാ സ്പീക്കര്‍ അഡ്വ എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 1.75 കോടി രൂപ, എന്‍.എച്ച്.എം. ഫണ്ടില്‍ നിന്നുള്ള 15 ലക്ഷം, പഞ്ചായത്തിലെ തനത് വികസന ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം, ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച 62 ലക്ഷം എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും സൗന്ദര്യവല്‍ക്കരണവും നടത്തിയത്.