ക്ഷീരധാര'യിലൂടെ ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത് ‘പാൽനിറവിൽ’

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ സമീകൃത പോഷകമൂല്യം ‘പാലായി‘ തെളിയുന്ന കാലമാണിത്. ക്ഷീരകർഷകരുടെ വരുമാനമാർഗം ഉറപ്പാക്കാനും ജീവിതനിലവാരം ഉയർത്താനും 'ക്ഷീരധാര' പദ്ധതി നടപ്പിലാക്കിയാണ് നേട്ടത്തിലേക്കെത്തിയത്. തൊഴിലുറപ്പ്പദ്ധതിയുടെ വിജയത്തിനുള്ള കളമൊരുക്കലായും പദ്ധതിമാറി. അഞ്ചു ലക്ഷം രൂപവരെ വാർഷിക വരുമാനവും 18നും 60 വയസിനും ഇടയിൽ പ്രായമുള്ള ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ക്ഷീരകർഷകർ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിവഴി ലഭിച്ച കാർഷികഉപകരണങ്ങളുടേയും അനുബന്ധ സംവിധാനങ്ങളുടെയും ഗുണഭോക്താവായാൽ കറവ പശുക്കളെ വാങ്ങുമ്പോൾ ക്ഷീരധാരപദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി ലഭ്യമാക്കിയാണ് ഇരുപദ്ധതികളുടേയും മികവിന് വഴിയൊരുക്കിയത്.
ബ്ലോക്ക്പരിധിക്ക് പുറത്തുനിന്നും 60,000 രൂപ വിലയുള്ള കറവ പശുവിനെ വാങ്ങുമ്പോൾ ജനറൽ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് 30,000 രൂപയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 45,000 രൂപയും സബ്‌സിഡി ലഭിക്കും. ബാങ്ക് വായ്പ വഴി പശുക്കളെ വാങ്ങുന്ന കർഷകർക്ക് മാത്രമാണ് സബ്‌സിഡി. സങ്കരയിനം പശുക്കളെ വാങ്ങുന്നവർ ഇൻഷുറൻസ് എടുത്തിരിക്കണം. പഞ്ചായത്ത് ഗ്രാമസഭമുഖേന തിരഞ്ഞെടുക്കപ്പെട്ട 28 വനിതകൾക്കും, പട്ടികജാതി വിഭാഗത്തിലെ 14 കർഷകർക്കും ആനുകൂല്യം ലഭിക്കും.
ബ്ലോക്ക് പരിധിക്കുള്ളിൽ പാലുൽപ്പാദനം വർധിപ്പിക്കുക, വനിതകളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജനകീയമാക്കുക എന്നിവയാണ് സാധ്യമാക്കുന്നത്. കാലിത്തൊഴുത്ത് നിർമിക്കാൻ സാമ്പത്തികസഹായം, അസോള ടാങ്ക് നിർമാണം, തീറ്റപുൽകൃഷി എന്നിവയിലൂടെ തീറ്റചിലവ് കുറയ്ക്കാനുമാകുന്നു. മാലിന്യസംസ്‌കരണം സുഗമമാക്കാൻ ചാണകക്കുഴി നിർമാണവും നടപ്പാക്കുന്നു. സർക്കാർ ക്ഷീരകർഷകർക്ക് വർഷംതോറും നടപ്പിലാക്കുന്ന പാൽവില സബ്‌സിഡി, കാലിത്തീറ്റ സബ്‌സിഡി, വൈക്കോൽ സബ്‌സിഡി എന്നിവയ്ക്ക് പുറമെയാണ് ബ്ലോക്ക്പഞ്ചായത്ത് ക്ഷീരധാര പദ്ധതിവഴി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്.
2025-26 സാമ്പത്തിക വർഷം ജനറൽ വിഭാഗത്തിന് 8,40,000 രൂപയും, പട്ടികജാതി വിഭാഗത്തിനു 6,30,000 രൂപയും പദ്ധതിനടത്തിപ്പിലേക്ക് വകയിരുത്തിയിട്ടുണ്ട്. ക്ഷീരകർഷകരുടെ ക്ഷേമവും സാമ്പത്തിക ഉന്നമനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ വ്യക്തമാക്കി.