കോവിഡ്-19: ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു
കോഴിക്കോട് : കമ്മ്യൂണിറ്റി കിച്ചന്‍ വഴിയുള്ള ഭക്ഷണവും പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയുള്ള റേഷനും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുരുവട്ടൂര്‍, കക്കോടി പഞ്ചായത്തുകളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 294 പേരും കക്കോടി ഗ്രാമപഞ്ചായത്തില്‍ 175 പേരുമാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്. യോഗത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ. പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ചോയിക്കുട്ടി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടന്‍, വൈസ് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










