കോവിഡ്-19: ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി 2100 പേര്‍

post

ആകെ 384 ഫലം ലഭിച്ചതില്‍ 369 ഉം നെഗറ്റീവ്

കോഴിക്കോട്  : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലയില്‍ ഇന്നലെ (08.04.20) 2100 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 2624 ആയി. നിലവില്‍ ആകെ 20,049 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മെഡിക്കല്‍ കോളേജിലുള്ള 22 പേരും ബീച്ച് ആശുപത്രിയിലുള്ള രണ്ടു പേരുമുള്‍പ്പെടെ ആകെ 24 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേരെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ജില്ലയില്‍  പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആകെ കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ അഞ്ച് പേര്‍ രോഗമുക്തരായതിനാല്‍ ഏഴ് പോണ് ജില്ലയില്‍ ചികിത്സയില്‍ അവശേഷിക്കുന്നത്. ഇതുകൂടാതെ രണ്ട് ഇതര ജില്ലക്കാരും ചികിത്സയിലുണ്ട്.  16 സ്രവസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 417 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 384 എണ്ണത്തിന്റെ ഫലം ലഭിച്ചു. 369 എണ്ണം നെഗറ്റീവാണ്. 33 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കണ്‍ട്രോള്‍ സെല്ലുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ നടത്തിയ അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. ഡെപ്യൂട്ടി  കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡീഷണല്‍ ഡി.എം.ഒ. ഡോ. ആശാദേവി, ഡി.പി.എം. ഡോ. നവീന്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 15 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 1718 പേര്‍ ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയ വഴിയുള്ള ബോധവല്‍ക്കരണം തുടര്‍ന്ന് വരുന്നു. വാട്സാപ്പിലൂടെയും  എന്‍.എച്ച്.എം, മാസ്മീഡിയ വിംഗ് കോഴിക്കോട് ഫേസ്ബുക്ക് പേജിലൂടെയും, കൊറോണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. 

ഇന്ന് ജില്ലയില്‍ 4248 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 8164 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല അവലോകന യോഗം നടത്തി. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ വകുപ്പ് ജീവനക്കാരും പങ്കെടുത്തു. നാദാപുരം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആരോഗ്യ വകുപ്പിലെയും പോലീസ് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.