വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈനും സമഗ്ര സംരക്ഷണ സംവിധാനവുമായി ജില്ലാ ഭരണകൂടം
 
                                                കോഴിക്കോട് : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ സംവിധാനവും സമഗ്ര സംരക്ഷണ സംവിധാനവും ഒരുങ്ങുന്നു. 60 വയസ്സിനു മുകളിലുള്ളവരെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെയും മറ്റ് അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരെയുമാണ് രോഗം ഗുരുതരമായി ബാധിക്കുന്നതെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് വയോജനങ്ങള്‍ക്കായി പ്രത്യേക ശ്രദ്ധാ പദ്ധതി ആരംഭിക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.ഇതിനായി ജില്ലയില്‍ സാമൂഹികനീതി - വനിതാശിശു വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ്, ബച്പന്‍ ബചാ വോ ആന്തോളന്‍ എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.
ഐസൊലേഷനില്‍ കഴിയുന്നവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലുള്ളവര്‍, ഒറ്റക്കു താമസിക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, മറ്റ് അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ട വയോജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ്, ആരോഗ്യ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നീ പ്രശ്നങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.
ഇത് കൂടാതെ അങ്കണവാടി പ്രവര്‍ത്തകര്‍ നേരിട്ട് വിളിച്ചും വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. രോഗം വരാതെ പ്രതിരോധിക്കുകയും വയോജനങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കി ചേര്‍ത്തു പിടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 8589984900, 9562320077, 8593006207, 9205585952.










