ലോക്ഡൗണ്‍; ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

post

കോഴിക്കോട് : ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി കോഴിക്കോട് പൊലീസ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും പൊതുജനങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. 

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി. ഡ്രോണ്‍ ക്യാമറ എക്സ്പര്‍ട്ട് സജീഷ് ഒളവണ്ണയാണ് ക്യാമറയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചത്. പൊതുജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലോടുന്നതും ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ്ജ് പറഞ്ഞു. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം തുടരും. കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം ഒഴിവാക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. റോഡുകള്‍ക്ക് പുറമേ ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് കണ്ടെത്താനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ഡ്രോണ്‍ ഉപയോഗിക്കും. കണ്‍ട്രോള്‍ റൂം എ.സി.പി എല്‍. സുരേന്ദ്രന്‍, സബ് ഇന്‍സ്പെക്ടര്‍ പ്രേമദാസ് ഇരുവള്ളൂര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി കെ സുദര്‍ശനന്‍, എസിപി (ഡിസിആര്‍സിപി) ടി.പി രഞ്ജിത്ത്, എസ്.ഐ ടി.എം നിതീഷ്, ഐ.പി ജി ഗോപകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.