ബീച്ച് ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുങ്ങുന്നു

post

കോഴിക്കോട് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് കൊറോണറി കെയര്‍  സെന്റര്‍ ആക്കിയ പശ്ചാത്തലത്തില്‍ മറ്റു രോഗികളെ ചികിത്സിക്കാന്‍ ബീച്ച് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ മെഡിസിന്‍, സര്‍ജറി,  ഓര്‍ത്തോ, ഇ.എന്‍.ടി, അനസ്തേഷ്യ വിഭാഗങ്ങളില്‍ ഡി.എം.ഒ നിയമിച്ചിട്ടുണ്ട്.  ഇവരുടെ മുഴുവന്‍ സമയ സേവനം ഉറപ്പ് വരുത്തും. കൊറോണ കേസുകള്‍ മെഡിക്കല്‍ കോളേജില്‍ കൂടുന്ന പക്ഷം ബീച്ച് ആശുപത്രിയും കൊറോണ കെയര്‍ ആശുപത്രി ആക്കേണ്ടി വരും.

കൂടുതല്‍ വെന്റിലേറ്ററുകളും മോണിറ്ററുകളും ഒരുക്കി കാര്‍ഡിയോളജി ഐ.സി.യു  ഈ ആഴ്ചയോടെ പൂര്‍ണ സജ്ജമാകും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഒരു കാര്‍ഡിയോളജിസ്റ്റിനെ  നിയമിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഓപ്പറേഷന്‍ തിയേറ്ററുകളും ശസ്ത്രക്രിയനന്തരാ വാര്‍ഡുകളും ഒരുക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ എം.എല്‍.എ നേതൃത്വം നല്‍കും. വിഗാര്‍ഡ് ഗ്രൂപ്പ് നല്‍കിയ മൂന്ന് വെന്റിലേറ്ററുകള്‍ പ്രദീപ് കുമാര്‍ എം.എല്‍.എ ആശുപത്രി സൂപ്രണ്ടിന് കൈമാറി. ഡി. എം.ഒ ഡോ.വി ജയശ്രീ, എന്‍ എച്ച് എം ഡി.പി.എം ഡോ  നവീന്‍, ആശുപത്രി സൂപ്രണ്ട് ഡോ.വി ഉമ്മര്‍ ഫാറൂഖ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.