'കിളികളും കൂളാവട്ടെ' ക്യാമ്പയിന് തുടക്കമായി

post

* ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാം

പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം. വേനലിൽ കിളികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'കിളികളും കൂളാവട്ടെ' ക്യാമ്പയിന് തുടക്കമായി. സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ തണ്ണീർ കുടങ്ങളിൽ വെള്ളവും തീറ്റയും നിറച്ച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

മാർച്ച് രണ്ട് മുതൽ 21 വരെ 20 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ. വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്. കളക്ടറുടെ സോഷ്യൽ മീഡിയ പേജിൽ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ചോ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ ഫോട്ടോയും പേരും ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്.

പോസ്റ്റ് ചെയ്യുമ്പോൾ #kilikalum_coolavatte, #CollectorKKD എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കുകയും CollectorKKD യെ മെൻഷൻ ചെയ്യുകയും വേണം. ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ, കോഴിക്കോട് കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ പ്രസിദ്ധീകരിക്കും.