കോഴിക്കോടൻ ആതിഥ്യത്തിൽ സംവദിച്ചും ആശയങ്ങൾ പങ്കുവെച്ചും വിദ്യാർത്ഥികൾ

post

നവകേരള വൈഞ്ജാനിക സമൂഹ സൃഷ്ടിക്കായുള്ള ചർച്ചയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ നിന്നു തുടക്കമിട്ടു മുഖ്യമന്ത്രിയും വിദ്യാർത്ഥികളും. വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ ആശയങ്ങൾ, നിർദേശങ്ങൾ എന്നിവ മുഖാമുഖത്തില്‍ ചര്‍ച്ചയായി.

വിപുലമായ സൗകര്യങ്ങളാണ് വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടിക്കായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്ന് എത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി രജിസ്ട്രേഷൻ കൗണ്ടറുകൾ രാവിലെ ഏഴരയ്ക്ക് തന്നെ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കൂട്ടു വന്നവർക്ക് വിശ്രമിക്കാൻ ക്രിസ്ത്യൻ കോളേജ് ഓഡിറ്റോറിയത്തിൽ സൗകര്യം ഒരുക്കി. വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 120 ഓളം എൻ.എസ്.എസ് വളണ്ടിയേഴ്സും സുരക്ഷ ഒരുക്കാൻ എൻ.സി.സി വളണ്ടിയേഴ്സും സദാ സന്നദ്ധരായിരുന്നു.


വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പാഠ്യ-പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, വിദ്യാർത്ഥി യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. 2000 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മുഖാമുഖത്തിൽ പകുതിയിലേറെ പേർ വിദ്യാർത്ഥിനികളായിരുന്നു. പരിപാടിയിൽ 60 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുമായി നേരിൽ സംവദിച്ചു. അവസരം ലഭിക്കാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.


മുഖാമുഖത്തിന് എത്തിയവർക്ക് ചായയും കുടിവെള്ളവും ലഘു കടികളും നൽകിയ കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ തന്നെ മൈതാനത്തിന്റെ പൂർണ്ണ ശുചിത്വം ഉറപ്പാക്കി അഴക് ഹരിത കർമ്മ സേനാംഗങ്ങളും സജ്ജരായിരുന്നു. ഉച്ചയ്ക്ക് കോഴിക്കോടൻ ബിരിയാണിയുടെ സ്വാദും ആസ്വദിച്ചാണ് വിദ്യാർത്ഥി മുഖാമുഖത്തിന് പരിസമാപ്തി കുറിച്ചത്.