ലോക്ഡൗണ്‍ കാലത്ത് പച്ചക്കറിക്കൃഷി:പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍

post

കോഴിക്കോട് : കോവിഡ്  19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍.  ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി  നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുവന്നത്.

കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നത്. നടീല്‍ വസ്തുക്കള്‍ സ്വന്തമായി സമാഹരിക്കുന്നതിനോടൊപ്പം കൃഷി ഭവന്‍, മറ്റ് ഏജന്‍സികള്‍ എിവിടങ്ങളില്‍ നിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം. താല്‍പ്പര്യമുള്ളവര്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെട്ടാല്‍ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വാട്സാപ്പിലൂടെ നല്‍കും.

പോഷക സമൃദ്ധമായ ഇളം തൈകള്‍ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാനുതകുന്ന മൈക്രോ ഗ്രീന്‍ കൃഷിരീതിയ്ക്കും ഹരിതകേരളം മിഷന്‍ പ്രോത്സാഹനവും നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് വീഡിയോകള്‍ ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിതകേരളം മിഷന്റെ ഫേസ്ബുക്ക് പേജുവഴിയും വാട്സാപ്പ് നമ്പറുകള്‍ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. മികച്ച രീതിയില്‍ മൈക്രോഗ്രീന്‍ കൃഷി വീട്ടില്‍ ചെയ്യുന്നവരുടെ ഫോട്ടോകള്‍ മിഷന്റെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കും.

ചീര, പയര്‍, വെണ്ട, വഴുതന, മുളക്, പാവല്‍, പടവലം, പീച്ചില്‍, കോവല്‍, നിത്യവഴുതന, തക്കാളി, അമര, വാലങ്ങ, ചുരയ്ക്ക, മത്തന്‍ തുടങ്ങിയ പച്ചക്കറി വിളകളും മൈക്രോഗ്രീന്‍ കൃഷി അനുസരിച്ച് പയര്‍, കടല, കടുക്, ജീരകം, ഗോതമ്പ്, ഉഴുന്ന്, ചെറുപയര്‍ എന്നിവയുടെ വിത്ത് വിതച്ച് ഇളം തൈകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് ആരംഭിച്ചത്. ഫോണ്‍ : 0471 2449939, ഇമെയില്‍ : haritham@kerala.gov.in