നവകേരളം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

post

ശുചിത്വ മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. യു പി , ഹൈസ്‌കൂള്‍ , ഹയര്‍ സെക്കന്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. മുദ്രാവാക്യരചന മത്സരത്തിനായി ഉറവിടത്തില്‍ മാലിന്യം തരംതിരിവ് , ഉറവിടത്തില്‍ ജൈവ മാലിന്യ സംസ്‌കരണം , ഹരിത ചട്ട പാലനം എന്നിവ പ്രോത്സാഹിപ്പിക്കല്‍, വലിച്ചെറിയല്‍ കത്തിക്കല്‍ എന്നിവ നിരുത്സാഹപ്പെടുത്തല്‍ പൊതു ഇടങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കി പരിപാലിക്കല്‍ എന്നീ സന്ദേശത്തിലൂന്നിയുള്ള മുദ്രാവാക്യങ്ങള്‍ 10 വാക്കില്‍ കവിയാതെ തയ്യാറാക്കി പോര്‍ട്ടലില്‍ നൽകണം.

ലഘു ലേഖ തയ്യാറാക്കല്‍ മത്സരത്തിന് മാലിന്യ മുക്തം നവകേരളം കാമ്പയിന്റെയും സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെയും പ്രചാരണാര്‍ദ്ധം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും നല്‍കുവാന്‍ കഴിയുന്ന തരത്തില്‍ സ്ലോഗന്‍ തയ്യാറാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള അതേ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നാലു പുറത്തില്‍ കവിയാതെ എ 4 സൈസ് മീര ഫോണ്ട് 14 സൈസില്‍ ലൈന്‍സ്‌പെയ്‌സിങ് 1.5 ല്‍ തയ്യാറാക്കി പി. ഡി. എഫ് ഫോര്‍മാറ്റില്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

രണ്ടു മിനുട്ട് വീഡിയോ തയ്യാറാക്കല്‍ മത്സരത്തിന് സ്ലോഗന്‍ തയ്യാറാക്കുന്നതിനും ലഘു ലേഖ തയ്യാറാക്കുന്നതിനും നല്‍കിയ അതേ ആശയങ്ങള്‍ സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും പ്രായോഗികമാക്കിയതിന്റെ 2 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോ യു ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത് ലിങ്ക് മത്സരത്തിനായുള്ള പോര്‍ട്ടലില്‍ നൽകാം.

പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരത്തിന് ഓഫീസുകള്‍ പൊതു സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ തുടങ്ങി പൊതു ജനങ്ങള്‍ ഒത്തു ചേരുന്ന എല്ലാ ഇടങ്ങളിലും മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കുക എന്ന ആശയത്തിന് പ്രചാരണം നല്‍കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി 90*70 സെന്റിമീറ്റര്‍ വലുപ്പത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ , കമ്പ്യുട്ടറില്‍ 6*4 അടി വലുപ്പത്തില്‍ തയ്യാറാക്കിയ പോസ്റ്റര്‍ ഡിസൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം.

ഉപന്യാസ രചന മത്സരത്തിന് മാലിന്യത്തിന്റെ അളവ് കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം, ഹരിത ചട്ട പാലനം ഇതിനു എങ്ങനെ സഹായകമാവും എന്ന വിഷയത്തില്‍ 200 വാക്കില്‍ - രണ്ടു പേജില്‍ കവിയാതെ എഴുതണം. ചിത്രരചന മത്സരത്തിന് പാഴ് വസ്തുക്കള്‍ ഉറവിടത്തില്‍ തരം തിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുക അതുവഴി നമ്മുടെ പരിസരങ്ങളും ജലാശയങ്ങളും മനോഹരമായി നിലനിര്‍ത്തുക എന്നീ സന്ദേശത്തിലൂന്നി ചിത്ര രചന നടത്തി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

ഓരോ ഇനത്തിലും ജില്ലാ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 5000, 3500, 2000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 10000 , 7000, 4000രൂപ എന്നിങ്ങനെയും പാരിതോഷികം നല്കും. ജില്ലയിലെ മുഴുവന്‍ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെയും യു പി , ഹൈ സ്‌കൂള്‍ , ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിവിധ ഇനങ്ങളിലായി മത്സര എന്‍ട്രികള്‍ ഒക്ടോബര്‍ 8 നകം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. പോര്‍ട്ടല്‍ ലിങ്ക് :-https://contest.suchitwamission.org/