മേപ്പയൂർ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി
 
                                                കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ ജല്‍ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം എൽ എ നിർവഹിച്ചു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴി എടുക്കുന്ന റോഡുകൾ അറ്റകുറ്റ പണികൾ നടത്തി പൂർവ്വ സ്ഥിതിയിലാക്കുമെന്നും പദ്ധതിയുടെ നിർവഹണത്തിന് ജനങ്ങളുടെ പൂർണ സഹകരണമുണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു.
മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയാണ് ജൽ ജീവൻ മിഷൻ. മേപ്പയ്യൂർ പഞ്ചായത്തിലെ 6,632 വീടുകളിൽ കുടിവെള്ളമെത്തിക്കാൻ 74.177 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 198.502 കിലോമീറ്റർ ദൂരത്തിൽ ജലവിതരണശൃഖല സ്ഥാപിക്കാനും, 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉന്നതതല ജലസംഭരണിയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. പൈപ്പിടൽ പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു.










