മഴക്കെടുതി : നാദാപുരം പഞ്ചായത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കും
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണത്തിന് ജനകീയ സംവിധാനം രൂപീകരിക്കാൻ ജനപ്രതിനിധികള്‍, യുവജന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രൂപീകരിക്കാന്‍ യോഗത്തിൽ തീരുമാനിച്ചു. ഇതിനായി വാര്‍ഡ് തലത്തില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകരെയും ഈ മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സംഘടനകളിലെ അംഗങ്ങളെയും തെരഞ്ഞെടുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് പരിശീലനവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും നല്‍കും. ഇതിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപയുടെ പദ്ധതിക്കായി ഡിപിസിയില്‍ നിന്നും അനുമതി വാങ്ങി.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നമ്പറുകളും പ്രാഥമിക വിവരങ്ങളും അടങ്ങുന്ന ഡിജിറ്റല്‍ കൈപുസ്തകം തയ്യാറാക്കാനും തീരുമാനിച്ചു. പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ പൊതുസ്ഥലങ്ങളിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വില്ലേജ് ഓഫീസര്‍ മുഖേന മരങ്ങളുടെ ലിസ്റ്റ് ജില്ലാ ദുരന്തനിവാരണ കമ്മിറ്റിക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.
മലിനമായ കുടിവെള്ള സ്രോതസ്സുകളുടെ സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ആരംഭിച്ചു. എലിപ്പനിയുള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ താലൂക്ക് ആശുപത്രികളിലും സബ് സെന്ററുകളിലും ഡോക്‌സി കേന്ദ്രങ്ങളും ആരംഭിച്ചു.
പാമ്പ് കടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം നാദാപുരം താലൂക്ക് ആശുപത്രിയില്‍ സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.










