നല്ലളം ഡീസൽ പവർപ്ലാന്റിൽ സൗരോർജ വൈദ്യുത നിലയം സ്ഥാപിച്ചു

post

കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ നല്ലളം ഡീസൽ പവർപ്ലാന്റിൽ പി.എം കുസും പദ്ധതിയിൽ ഉൾപ്പെടുത്തി 200 kWp സൗരോർജ വൈദ്യുത നിലയം സ്ഥാപിച്ചു. നല്ലളം ഡീസൽ പവർപ്ലാന്റ് വളപ്പിൽ 600 സോളാർ പാനലുകൾ ഉപയോഗിച്ച് 200 kWp സ്ഥാപിതശേഷിയുള്ള സൗരോർജ്ജ പദ്ധതിയാണ് പൂർത്തീകരിച്ചിരിക്കുന്നത്.

വൈദ്യുത നിലയങ്ങൾ വികേന്ദ്രീകൃതമായ രീതിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതിയുടെ ലഭ്യത പകൽ സമയത്തു ഉറപ്പാക്കുവാൻ സാധിക്കുന്നു. ഇത് കൂടാതെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ആഭ്യന്തര ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുക. പ്രസരണ നഷ്ടം കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ പദ്ധതിയ്ക്ക് കീഴിൽ 14 ഇടങ്ങളിലായി 11 വാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി നടപടികൾ സ്വീകരിച്ചത്.


സൗരോർജ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വഴി ആഭ്യന്തര വൈദ്യുത ഉല്പാദനം വർദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുത ഉൽപാദനത്തിൽ വരുന്ന വർദ്ധനവ് സംസ്ഥാനത്തിന്റെ വൈദ്യുത വാങ്ങൽ ചെലവിൽ ഗണ്യമായ കുറവ് വരുത്തും. കൂടാതെ മാസം തോറുമുള്ള ഇന്ധന സർചാർജിൽ നിന്ന് രക്ഷനേടുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു. സൗരോർജ വൈദ്യുതി നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.