കുടിവെള്ളം ലഭ്യമല്ലാത്ത വീടുകളില്‍ ജലവിഭവ വകുപ്പ് സൗജന്യമായി വെള്ളമെത്തിക്കും

post

* പണം നല്‍കിയാല്‍ അവശ്യ സാധനങ്ങളും ലഭ്യമാക്കും

തിരുവനന്തപുരം : കുടിവെള്ളം ലഭ്യമല്ലാത്ത വീടുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങളില്‍ 15 കിലോ കാനുകളില്‍ കുടിവെള്ളം സൗജന്യമായി എത്തിക്കാന്‍ ജലവിഭവ വകുപ്പ് തീരുമാനിച്ചു. ജലസേചന വകുപ്പ്, ജല അതോറിട്ടി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുളളത്. കുടിവെളളം ആവശ്യമായ എല്ലായിടത്തും സേവനം ലഭ്യമാക്കും. നിലവിലുള്ളതിന് പുറമേ ജല അതോറിട്ടിയുടേയും ജലസേചന വകുപ്പിന്റെയും കീഴിലുള്ള 120  വാഹനങ്ങള്‍ കൂടി ഇതിനായി ഉപയോഗിക്കും.

കുടിവെള്ളത്തിന് ഒപ്പം വീട്ടുകാര്‍ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങളും വാങ്ങി നല്‍കും. ഇതിനുള്ള തുക വീട്ടുകാര്‍ നല്‍കേണ്ടിവരും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ജല അതോറിട്ടി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ജലസേചനത്തിനായുള്ള കനാലുകളിലൂടെ കൃഷിക്കായുള്ള ജലവിതരണം തുടരും. ജല അതോറിട്ടിയുടെ കീഴില്‍ നടന്നുവരുന്ന ജലവിതരണ സംവിധാനത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍, പൈപ്പ് പൊട്ടല്‍ പരിഹരിക്കല്‍, ടാങ്കര്‍ ലോറികളിലൂടെയുള്ള ജലവിതരണം എന്നിവ തടസമില്ലാതെ തുടരും. പമ്പ് ഹൗസുകള്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, ഇന്‍ടേക്കുകള്‍ എന്നിവയ്ക്കും തടസമുണ്ടാകില്ല. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മേലധികാരിക്കാണ്. ആരോഗ്യ സംരക്ഷണത്തില്‍ ജാഗരൂകരായി തന്നെ, അവശ്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തണമെന്ന് എല്ലാ ജീവനക്കാരോടും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.