കോവിഡ്19 പ്രതിരോധം: കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

post


അടിയന്തരഘട്ടം നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു

കോഴിക്കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.  ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത  അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അടിയന്തരഘട്ടം വന്നാല്‍ നേരിടുന്നതിന് നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ആശുപത്രികളില്‍ ബെഡ് സൗകര്യവും വെന്റിലേറ്റര്‍ സൗകര്യവും വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളെയും വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു. ഇവിടങ്ങളില്‍ ലഭ്യമായ കിടത്തിച്ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു.  ജില്ലയില്‍ 70 സ്വകാര്യ ആശുപത്രികളിലായി 5200 കിടക്കകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  അവയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് എത്ര കിടക്കകള്‍ പ്രയോജനപ്പെടുത്താനാവുമെന്ന് ജില്ലാ ഭരണകൂടവും ആശുപത്രി മാനേജ്‌മെന്റുകളും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. ഐ.എം.എയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

യൂത്ത് ഹോസ്റ്റലില്‍ പ്രത്യേക കൊറോണ നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കുടുബശ്രീയുടെ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ബാങ്കുകളിലും എ.ടി.എമ്മുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ഇതുവരെയുള്ള എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവായത് പ്രതീക്ഷ നല്‍കുന്നു. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.  നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ അനുസരണയില്ലായ്മയാണ് കാസര്‍ഗോഡ് രോഗവ്യാപനത്തിന് കാരണമായത്.  ഒരു മരണം പോലുമുണ്ടാകരുത് എന്ന ജാഗ്രതയില്‍ എല്ലാവരും പ്രവര്‍ത്തിക്കണം.  സാമൂഹ്യവ്യാപന സാധ്യതകള്‍ പരിഗണിച്ച് പ്രായോഗിക നടപടികള്‍ ഓരോ വ്യക്തിയും കൈക്കൊള്ളണം. പൊതുചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കുകയും ഉത്സവം പോലുള്ളവ ചടങ്ങുകളില്‍ ഒതുക്കുകയും വേണം.

രാജ്യമൊട്ടാകെ ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു മണിവരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവുമായി സഹകരിക്കണമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെയാക്കും

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെ ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.  ഒരു ഡോക്ടര്‍ മാത്രമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടും.  ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനവും ഇതിന് മുന്‍കൈയെടുക്കണം. ഇഎസ്‌ഐ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനസമയവും ദീര്‍ഘിപ്പിക്കും. താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കും.

പ്രതിരോധ കിറ്റുകളുടെ (പിപിഇ കിറ്റ്) ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും.  ആരോഗ്യമേഖലയിലുള്ളവര്‍  കൃത്യമായ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.  ഭാവിയില്‍ രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തണമെന്നും സ്വകാര്യമേഖലയെക്കൂടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഞ്ചു ലക്ഷം മാസ്‌കുകള്‍ തൈച്ചു നല്‍കാമെന്ന് ജില്ലയിലെ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.  കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും മാസ്‌കുകള്‍ ലഭ്യമാക്കും.  ഹാന്‍ഡ് സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍  നടപടിയായിട്ടുണ്ട്.  ഇവ ആവശ്യമുള്ളിടത്ത് എത്തിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കും.  

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ വാട്‌സാപ്പ് കൂട്ടായ്മ പ്രയോജനപ്പെടുത്തും.  ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ സേവനവും പ്രയോജനപ്പെടുത്തും.

ഇതര സംസ്ഥാനത്തൊഴിലാളികളുടെ തൊഴിലും സാമൂഹികജീവിതവും സാധാരണഗതിയില്‍ മുന്നോട്ടുപോകുന്നതിന് അവസരമൊരുക്കണം.  തൊഴില്‍ മേഖല സ്തംഭിക്കാന്‍ ഇടവരരുത്.  സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകുന്നതുപൊലെയുള്ള നിയന്ത്രണങ്ങളോടെ അവര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തണം. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും നല്ല പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്ക് സ്വദേശത്തേക്കു പോകാന്‍ പ്രത്യേക ബസ് സര്‍വ്വീസ് ഏര്‍പ്പാടാക്കുന്ന കാര്യം പരിശോധിക്കുമെന്ന്  ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.  എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തേക്കുള്ള ഗേറ്റിനു സമീപം പോലീസ് നിരീക്ഷണം ശക്തമാക്കാന്‍ മലപ്പുറം, എറണാകുളം ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.  എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക് ടാക്‌സി പിടിക്കാന്‍ കഴിയാത്തവര്‍ അവരുടെ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിരോധ സാമഗ്രികളടങ്ങിയ കിറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് സര്‍ജിക്കല്‍ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചു.

 വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ജില്ലയില്‍ 251 ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകളുള്ളതില്‍ 139 ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനവും ബോധവല്‍കരണവും പൂര്‍ത്തിയാക്കിയതായും കലക്ടര്‍ അറിയിച്ചു.