നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

post

കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നിർവഹിച്ചു. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

നിയമ നിർമാണ സഭകളിലെ ചർച്ചകൾക്കിടെയുണ്ടാകുന്ന ബഹളവും ഒച്ചപ്പാടും രാഷ്ട്രീയായുധമാക്കരുതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ പ്രവണത വർധിച്ചുവരുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമുണ്ടാകും. ഇവ പരിഹരിക്കേണ്ടത് ഏറ്റുമുട്ടൽ നിലാപാടുകളിലൂടെയല്ല മറിച്ച്, സഹകരിച്ചുള്ള സംവാദങ്ങളിലൂടെയാണ്. പക്ഷപാത നിലപാടുകൾക്കപ്പുറം ദേശീയ താത്പര്യത്തിനു പ്രാധാന്യം നൽകിയുള്ള നിയമ നിർമാണ ചർച്ചകൾ നടക്കണം.

പുരോഗമന ജനാധിപ്യത്തിലേക്കുള്ള നിയമനിർമാണത്തിൽ മഹത്തായ പാരമ്പര്യമാണു കേരള നിയമസഭയ്ക്കുള്ളതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കേരളീയ സമൂഹത്തിന്റെ പരിണാമത്തിനു കാരണമായ നിരവധി നിയമ നിർമാണങ്ങളുടെ നാഡീകേന്ദ്രമായി മാറാൻ നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടികയും ചാന്തുംകൊണ്ടുള്ള കെട്ടിടമെന്നതിലുപരി, ജനങ്ങളുടെ പ്രതീക്ഷകളുടെ കേന്ദ്രങ്ങളാണ് നിയമ നിർമാണ സഭകൾ. ഇത്തരത്തിൽ, ജനാധിപത്യ മൂല്യങ്ങൾ പൂത്തുലയുന്ന വടവൃക്ഷമായി മാറാൻ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു നിസംശയം പറയാൻ കഴിയും. കേരള നിയമസഭയുടെ ഓരോ കാലയളവിലും നൂറിലധികം നിയമ നിർമാണങ്ങൾ പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രതിവർഷം ശരാശരി 44 ദിവസത്തോളം നിയമസഭ സമ്മേളിക്കുന്നുവെന്നതുതന്നെ ജനാധിപത്യത്തിന്റെ ശക്തിയെയാണു കാണിക്കുന്നത്. ഈ അർഥത്തിൽ 'നിയമസഭ' എന്ന ഉചിതമായ പേരിൽത്തന്നെ കേരള നിയമസഭ അറിയപ്പെടുന്നത്, ജനഹിതത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനേയും ഭരണഘടനയുടെ അന്തഃസത്തയേയുമാണു കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ക്ലിഫ് ഹൗസിൽ നടന്ന വിരുന്നിനു ശേഷം നിയമസഭാ മന്ദിരത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എന്നിവർ ചേർന്നു സ്വീകരിച്ചു. നിയമസഭയുടെ ഉപഹാരമായി സ്പീക്കർ അദ്ദേഹത്തിന് ആറന്മുള കണ്ണാടി സമ്മാനിച്ചു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2023ന്റെ സുവനീർ മുഖ്യമന്ത്രിക്കു നൽകി ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ലെജിസ്ലേച്ചർ കോംപ്ലസ് നവീകരണത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.


ഉപരാഷ്ട്രപതിയായി അധികാരമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം നിയമസഭാ വളപ്പിൽ വൃക്ഷത്തൈയും നട്ടു. നിയമസഭാ മന്ദിരത്തിന്റെ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാർ, എം.എൽ.എ. മാർ, മുൻ എം.എൽ.എ മാർ, മുൻ സ്പീക്കർമാർ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.