'ഞങ്ങളും കൃഷിയിലേക്ക്': കർഷക ഗ്രൂപ്പുകളെ കൃഷികൂട്ടങ്ങളായി രജിസ്റ്റർ ചെയ്യാം
 
                                                കോഴിക്കോട്: 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കർഷക ഗ്രൂപ്പുകളെ കൃഷികൂട്ടങ്ങളായി എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നു. കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിനു കീഴിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പരിപാടിയാണ് ഞങ്ങളും കൃഷിയിലേക്ക്.
5 സെന്റ് മുതലുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കർഷക ഗ്രൂപ്പുകൾക്ക് രജിസ്റ്റർ ചെയ്യാം. പച്ചക്കറി, നെല്ല്, വാഴ, തെങ്ങ്, കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്ന കർഷക ഗ്രൂപ്പുകൾക്കും മൂല്ല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾക്കും കൃഷികൂട്ടങ്ങളായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഗ്രൂപ്പിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് കർഷകരെങ്കിലും ഉണ്ടായിരിക്കണം. എയിംസ് പോർട്ടലിൽ കൃഷികൂട്ടങ്ങളായി രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള കർഷകഗ്രൂപ്പുകൾ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങളും ഗ്രൂപ്പ് സെക്രട്ടറിയുടെ അല്ലെങ്കിൽ ഗ്രൂപ്പിലെ ഏതെങ്കിലും ഒരംഗത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ജനുവരി 25 ന് മുമ്പായി ഏറ്റവും അടുത്തുള്ള കൃഷിഭവനുകളിൽ ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.










