വിദ്യാലയ ശുചിത്വം; വിപുലമായ പദ്ധതികളുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

post

കോഴിക്കോട്: ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കാനായി മൂന്നു വർഷക്കാലം നീണ്ടുനിൽക്കുന്ന, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകി തൂണേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ എന്റെ വിദ്യാലയം, വീട്, നാട് എന്ന പേരിലാണ് ശുചീകരണ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഹാൻഡ് ബുക്ക് തയ്യാറാക്കുന്നതിനായി അധ്യാപക ശില്പശാല, മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ, ബോധവൽക്കരണ ഗാനം, ശുചിത്വ കിറ്റ് വിതരണം, വിദ്യാലയങ്ങളുടെ ശുചിത്വ നിലവാരം നിർണയിക്കൽ, മികച്ച നിലവാരമുള്ള വിദ്യാലയങ്ങൾക്ക് അവാർഡ് നൽകൽ, ശുചിത്വ ഉപകരണങ്ങളുടെ നിർമ്മാണ പരിശീലനം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

പദ്ധതി രൂപരേഖ അന്തിമമാക്കുന്നതിന് മുഴുവൻ വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകർ, പിടിഎ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, എന്നിവരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.