'ഹലോ.. ഹലോ മൈക്ക് ടെസ്റ്റ്... ഇവിടെല്ലാം റെഡിയാണ്'

post

കോഴിക്കോട്: വേദി ഒന്ന് അതിരാണിപ്പാടത്ത് കുച്ചുപ്പുടി മത്സരം ആരംഭിക്കുന്നു ജഡ്ജസ് പ്ലീസ് നോട്ട്'... ഇടർച്ചയോ അനാവശ്യ കോലാഹലങ്ങളോ ഇല്ലാതെ ഉച്ചത്തിൽ വേദിയിൽ മുഴങ്ങുന്ന ശബ്ദത്തിന് പുറകിൽ മികച്ച സംഘാടന മികവ്. അറിയിപ്പുകൾ, ഗാനങ്ങൾ, നൃത്ത ചുവടുകൾ, സംഗീതം എന്നിവ കേരള കലോത്സവ വേദികളെ ആവേശം കൊള്ളിക്കുമ്പോൾ ഏറ്റവും അത്യാധുനിക സംവിധാനത്തോടെ സജ്ജമാക്കിയ ശബ്ദ സംവിധാനത്തിന്റെ മേന്മ ശ്രദ്ധേയമാവുന്നു.


പരാതികൾക്ക് ഇടനൽകാതെ മികച്ചതും സൂക്ഷ്മവുമായ ശബ്ദ വെളിച്ച ക്രമീകരണമാണ് 24 വേദികളിലും ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. തത്സമയ ശബ്ദം ഉപയോഗിക്കുന്ന നാടകം, മോണോ ആക്ട്, മിമിക്രി, ഗാനാലാപന പടിപാടികൾ എന്നിവയ്ക്കും തബല, ചെണ്ട, പുല്ലാങ്കുഴൽ തുടങ്ങിയ വിവിധ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മത്സരങ്ങൾക്കും ആധുനിക ശബ്ദ ക്രമീകരണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

രാവും പകലും ഒരുപോലെ പ്രകാശപൂരിതമാക്കുന്ന ലൈറ്റുകൾ കൊണ്ടൊരു വർണ്ണപൂരമാണ് കേരള കലോത്സവം. 24 വേദികൾ, ഭക്ഷണശാല, കുട്ടികൾക്കുള്ള 30 താമസസൗകര്യ സ്ഥലങ്ങൾ,10 റിസർവേഷൻ സെന്ററുകൾ എന്നിവ വൈദ്യുതികരിച്ചിട്ടുണ്ട്. പ്രധാന വേദിയും ഭക്ഷണശാലയും വർണ്ണ ലൈറ്റുകൾ കൊണ്ട് ദീപാലംകൃതമാക്കി മനോഹര കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്.

കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായി അവരുടെ കലകൾ അവതരിപ്പിക്കാനുള്ള സജ്ജീകരങ്ങളാണ് വേദികളിൽ ഒരുക്കിയിട്ടുള്ളതെന്നും പരാതികൾക്കോ പ്രശ്നങ്ങൾക്കോ ഇടനൽകാതെ കേരള കലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനുള്ള എല്ലാവിധ സംവിധാനവും തയ്യാറാക്കിയിട്ടുണ്ടെന്നും ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി കൺവീനർ ഹരീഷ് കടവത്തൂർ പറഞ്ഞു.

പവലിയനുകൾ, മീഡിയ സെന്ററുകൾ, വിവിധ വേദികളിലെ പ്രദർശനങ്ങൾ, ട്രോഫി പ്രദർശനം, വേദികളിലേക്കുള്ള വഴികൾ, പാർക്കിങ്, മറ്റു സ്റ്റാളുകൾ എന്നിവിടങ്ങളിലെല്ലാം വെളിച്ചവും ശബ്ദ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.