നവീകരണ പാതയിൽ ശ്രദ്ധയാകർഷിച്ച് മാവത്തുംപടി ഗ്രൗണ്ട്
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമ രൂപമായി. പ്രവൃത്തിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് പി ടി എ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗ്രൗണ്ട് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാവത്തുംപടി ഗ്രൗണ്ടിന്റെ നവീകരണം നടത്തുന്നത്. ഇതിനുവേണ്ടി കണക്കാക്കിയ ഒരു കോടി രൂപയിൽ 50 ലക്ഷം രൂപ സംസ്ഥാന കായിക വകുപ്പിൽ നിന്നും ബാക്കി വരുന്ന 50 ലക്ഷം രൂപ എംഎൽഎയുടെ ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനാണ് നടപടിയായത്.
1.67 ഏക്കർ വിസ്തൃതിയുള്ള മാവത്തുംപടി ഗ്രൗണ്ടിന്റെ ഒന്നാം ഘട്ട പ്രവൃത്തി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി പൂർത്തീകരിച്ചിരുന്നു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ടിലേക്കുള്ള റോഡിന്റെ പരിഷ്കരണവും നടത്തിയിട്ടുണ്ട്. ആധുനിക രീതിയിൽ ഗ്രൗണ്ട് നവീകരിക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെയും കായിക പ്രേമികളുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൗണ്ട് നവീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത്.










